പാലക്കാട്: റെയിൽവേ പാലക്കാട് ഡിവിഷൻ 2018​​-19 സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടായതായി ഡിവിഷണൽ മാനേജർ ഡി.സായ്ബാബ അറിയിച്ചു. 74.7 യാത്രക്കാരാണ് തീവണ്ടിയിൽ സഞ്ചരിച്ചത്. ഇവരിൽ നിന്ന് യാത്രയിനത്തിൽ 679 കോടി രൂപ ലഭിച്ചു. കൂടാതെ 5.65 ലക്ഷം ടൺ ചരക്കുകടത്തിയതിന് 1, 219.28 കോടി രൂപയും റെയിൽവേക്ക് സമ്പാദിക്കാൻ കഴിഞ്ഞതായി മാനേജർ അറിയിച്ചു. കഴിഞ്ഞവർഷത്തേക്കാൾ 3.18 ശതമാനം വർദ്ധനവാണുണ്ടായിട്ടുള്ളത്. കൽക്കരി, സിമന്റ്, പെട്രോളിയം ഉത്പന്നങ്ങൾ, രാസവളം, ഭക്ഷ്യധാന്യങ്ങൾ കടത്തിയതിലൂടെ 454.48 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞവർഷത്തേക്കാൾ 22 ശതമാനം വർധനവാണ് നേടിയിട്ടുള്ളത്. അനധികൃതമായി തീവണ്ടിയിൽ ചരക്ക് കടത്തിയതിനും ടിക്കറ്റില്ലാതെ യാത്രചെയ്തിനുമായി 44.34 കോടി രൂപ പിഴയീടാക്കി. മാർച്ച മാസത്തിൽ തന്നെ ടിക്കറ്റില്ലാതെ യാത്രചെയ്തിന് 96 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ടിക്കറ്റില്ലാതെ യാത്ര ചെയ്തിന് 9.29 കോടി രൂപയാണ് റെയിൽവേക്ക് ലഭിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷത്തേക്കാൾ 13 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനപാർക്കിംഗ്, കാറ്ററിംഗ് തുടങ്ങിയിനത്തിൽ 45.78 കോടിരൂപ ലഭിച്ചു. ഇതിന് പുറമെ 12,255 കേസുകളിൽ നിന്ന് കുറ്റവാളികളിൽ നിന്നായി 29.49 ലക്ഷം രൂപ ഈടാക്കിയിട്ടുണ്ട്.