കൊപ്പം; പാറപൊട്ടിക്കുന്നതിനിടെ കരിങ്കൽ ചീളുകൾ തെറിച്ചുവീണ് വീടുകൾക്കും ജുമാ മസ്ജിദിനും കേടുപാടുകൾ സംഭവിച്ചതായി പരാതി. വല്ലപ്പുഴ പഞ്ചായത്തിലെ ചൂരക്കോട് കാരമ്പറ്റയിലെ അനധികൃത ക്വാറിയിൽ നിന്നാണ് പാറപൊട്ടിക്കുന്നതിനിടെ കരിങ്കല്ല് തെറിച്ച് വീണത്. പ്രദേശവാസിയായ ബാപ്പുട്ടിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വീട്ടുകാർ ഭക്ഷണം കഴിക്കുന്നതിനിടെയാണ് കരിങ്കൽ ചീളുകൾവന്നുപതിച്ചത്. വീടിന്റെ ഓട് പൊട്ടിയെങ്കിലും ആളപായമില്ല.

വല്ലപ്പുഴ പഞ്ചായത്ത് പരിധിയിൽ പന്നിയംകുന്ന്, കാരമ്പറ്റ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിൽ കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. പലതും അനധികൃതമാണ്. വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ക്വാറിക്കെതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. എന്നാൽ,​ഇതിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാവുന്നില്ലെന്നതാണ് ആക്ഷേപം.

മാസങ്ങൾക്ക് മുൻപ് സമരക്കാരിലെ രണ്ടുപേരെ ക്വാറി ജീവനക്കാർ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായും പരാതിയുണ്ട്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേരിൽ ഒരാൾ മൂന്നാം ദിവസം മരിക്കുകയും ചെയ്തു. ക്വാറി നടത്തിപ്പുകാരണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് പ്രദേശവാസികൾ പട്ടാമ്പി പൊലീസിലേക്ക് മാർച്ച് നടത്തിയിരുന്നു. പഞ്ചായത്ത് അധികൃതർ കഴിഞ്ഞദിവസം ബാപ്പുട്ടിയുടെ വീട് സന്ദർശിച്ചു. ക്വാറിയുടെ പ്രവർത്തനം നിർത്തി വയ്ക്കാൻനോട്ടീസ് നൽകിയതായും ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ക്വാറി പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് നന്ദവിലാസിനി അറിയിച്ചു.

വല്ലപ്പുഴ ഗ്രാമ പഞ്ചായത്തിലെ ചൂരക്കോട് കരമ്പറ്റയിലെ ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനിടെ കരിങ്കൽ വീണ് തകർന്ന ബാപ്പുട്ടിയുടെ വീട് പഞ്ചായത്ത് അധികൃതർ സന്ദർശിക്കുന്നു.