ഒറ്റപ്പാലം: തുള്ളൽ കലയുടെ ആചാര്യൻ കുഞ്ചൻ നമ്പ്യാരുടെ സ്മരണകൾ പുതുക്കി കിള്ളിക്കുറുശ്ശി മംഗലത്ത് കുഞ്ചൻദിനാഘോഷം ഇന്ന് ആഘോഷിക്കും. രാവിലെ കുഞ്ചൻ സ്മാരക വായനശാലയിൽ നിന്ന് കലക്കത്ത് ഭവനത്തിലേക്ക് എഴുത്താണി എഴുന്നള്ളിപ്പ്, നാട്യശാലയിൽ കലാപീഠം വിദ്യാർത്ഥിയുടെ ഓട്ടൻതുള്ളൽ എന്നിവ അരങ്ങേറും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫ. ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.എം.നാരായണൻ, പി.കെ.ജി.നമ്പ്യാർ, ഇ.രാമചന്ദ്രൻ, എ.കെ.ചന്ദ്രൻകുട്ടി എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് അക്ഷര ശ്ശോക സദസ് നടക്കും.
സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും. പി.ടി.നരേന്ദ്രമേനോൻ അദ്ധ്യക്ഷത വഹിക്കും. റെഫീക്ക് അഹമ്മദ്, രാമചന്ദ്രൻ കാട്ടാക്കട, രാജഗോപാൽ നാട്ടുകൽ, കെ.ആർ.ചെത്തല്ലൂർ, ജ്യോതിബായ് പരിയാടത്ത്, സജി കല്യാണി, ഗീത മുന്നൂർക്കോട് എന്നിവർ പങ്കെടുക്കും. അഞ്ചിന് നടക്കുന്ന കുഞ്ചൻദിന സമ്മേളനം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. പി.ഉണ്ണി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിൽ ഈ വർഷത്തെ കുഞ്ചൻ അവാർഡ് പയ്യന്നൂർ കൃഷ്ണൻകുട്ടിക്ക് മന്ത്രി സമർപ്പിക്കും. വിവിധ എന്റോവ്‌മെന്റുകളുടെ വിതരണം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുള്ളലിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവരാമൻ, പഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണൻ, ഡോ. ആർ.കെ.ജയപ്രകാശ് എന്നിവർ പങ്കെടുക്കും. തുടർന്ന് തിരുവാതിരകളി, അവാർഡ് ജേതാവിന്റെ തുള്ളൽ, അർദ്ധനാരീശ്വര നൃത്തകലാലയം, മുബൈ അവതരിപ്പിക്കുന്ന ശ്രീകൃഷ്ണചരിതം സംഗീത നൃത്ത നാടകം എന്നിവ അരങ്ങേറും.