പാലക്കാട്: എസ്.എസ്.എൽ.സി പരീക്ഷ ഫലം നാളെ പ്രസിദ്ധീകരിക്കും. ഉച്ചയ്ക്കു ശേഷം ഫലപ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

കഴിഞ്ഞ വർഷത്തേക്കാളും വിജയം ശതമാനം കൂടുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. ഇത്തവണ ആകെ 41294 വിദ്യാർത്ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 21013 ആൺകുട്ടികളും 20281 പെൺകുട്ടികളുമാണ്. ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു. 888 വിദ്യാർത്ഥികൾ. ഏറ്റവും കുറവ് യാക്കര ശ്രവണ സംസാര ഹൈസ്‌കൂൾ. 14 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. നൂറുശതമാനം വിജയം നേടാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു മിക്ക സ്കൂളുകളും. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഇത്തവണ മുൻ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം ഉയരുമെന്നും അധികൃതർ പ്രതീക്ഷ പങ്കുവച്ചു.

. കഴിഞ്ഞ വർഷത്തെ ജില്ലയിലെ വിജയശതമാനം - 95.6%
. ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ - 41714 പേർ
. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ - 2176 പേർ
. നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകൾ - 61 എണ്ണം