പാലക്കാട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പുസ്തകോത്സവം 20 മുതൽ 22വരെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ 100ലധികം പ്രസാധകരുടെ സ്റ്റാളുകൾ ഉണ്ടാകും. ഓരോ വർഷവും പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങൾ, മുൻ പ്രസിദ്ധീകരണങ്ങൾ എന്നിവ പുസ്തകോത്സവത്തിൽ ലഭിക്കും. ജില്ലയിലെ 500ലധികം വരുന്ന ഗ്രാന്റുകൾ ലഭിക്കുന്ന ലൈബ്രറികൾ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ എത്തും.
കൂടാതെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, ബഹുജനങ്ങൾ എന്നിവർക്ക് പുസ്തകങ്ങൾ എടുക്കാൻ പ്രത്യേക സൗകര്യങ്ങളുണ്ടാകും. കഞ്ചിക്കോട് ഗ്രാമലക്ഷ്മി മുദ്രാലയം ഒരുക്കുന്ന സ്റ്റാളിൽ ലൈബ്രറികൾക്ക് ആവശ്യമായ എല്ലാവിധ രജിസ്റ്ററുകളും മിതമായ വിലയ്ക്ക് ലഭിക്കും. 20ന് രാവിലെ ഉദ്ഘാടനം നടക്കും. 21ന് കുട്ടികളുടെ കവിതാലാപന മത്സരവും, വൈകീട്ട് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
പരിപാടിയുടെ നടത്തിപ്പിനായി ടി.കെ.നാരായണദാസ് (ചെയർമാൻ), പി.കെ.സുധാകരൻ, എം.എം.എ.ബക്കർ, ടി.എ.കൃഷ്ണൻകുട്ടി, കെ.എ.വിശ്വനാഥൻ, എം.കെ.പ്രദീപ് (രക്ഷാധികാരികൾ), എം.കാസിം (കൺവീനർ) എന്നിവരടങ്ങുന്ന 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.