car
ചാലിശ്ശേരി അമ്പലപ്പറമ്പിൽ അണിനിരന്ന അംബാസഡർ കാറുകൾ.

പട്ടാമ്പി: ഒരുകാലത്ത് റോഡ് വാണിരുന്ന അംബാസിഡർ കാറുകളുടെ സംഗമം ചാലിശ്ശേരി പൂരപറമ്പിൽ നടന്നു. കാറുകളുടെ സംഗമം വാഹനപ്രേമികൾക്ക് കൗതുകരമായി. അംബാസിഡർ കാർ ഫാൻസ് കേരള എന്ന വാട്‌സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സംസ്ഥാനതല പ്രഥമ അംബാസിഡർ കാർ സംഗമം നടന്നത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നുമായി അമ്പതോളം കാറുകൾ സംഗമത്തിൽ പങ്കെടുത്തു.

1961 മുതൽ 2008 വർഷം വരെയുള്ള കാറുകളാണ് സംഗമത്തിൽ അണിനിരന്നത്. കമ്പനികൾ നിർമ്മാണം അവസാനിപ്പിച്ചെങ്കിലും വർഷങ്ങൾ പഴക്കമുള്ള കാറുകൾ നിരത്തുകളിൽ നിന്ന് അന്യംനിന്ന് പോയിട്ടില്ല എന്ന സന്ദേശം നൽകി കാറുകളുടെ റാലിയും നടത്തി. ഇന്ത്യയിലെ 16 സംസ്ഥാനവും, ഭൂട്ടാനും ചുറ്റിയ 1988 മാർക്ക് ഫോർമോഡൽ കെ.ഡി.ഇ 5555 കാറാണ് കാഴ്ചക്കാർക്ക് ഏറെ കൗതുകമായത്. പരിപാടി കൺവീനർ സി.ജി.ജോയ് ചാവക്കാട് ഉദ്ഘാടനം ചെയ്തു.