പാലക്കാട്: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. ജെല്ലിപ്പാറ ഓന്തമലയിൽ കുമാരൻ - ചിത്ര ദമ്പതികളുടെ നാൽപ്പത് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. അട്ടപ്പാടിയിൽ ഈ വർഷം ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന ശിശുമരണമാണിത്.
കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അസ്വാഭിക ശിശുമരണങ്ങൾക്ക് പോസ്റ്റ്മാർട്ടം നടത്തണമെന്ന സബ് കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തു. കുട്ടിക്ക് രണ്ടരക്കിലോ തൂക്കമുണ്ടായിരുന്നു. കൂലിപ്പണിക്കാരായ ദമ്പതികളുടെ രണ്ടാമത്തെകുട്ടിയാണ് മരിച്ചത്. ഇവർക്ക് ഒരു പെൺകുഞ്ഞുമുണ്ട്.
വെള്ളിയാഴ്ച രാത്രി പതിനോന്നരയോടെ കുട്ടിക്ക് അമ്മ മുലപ്പാൽ നൽകി ഉറക്കാൻ കിടത്തിയതായിരുന്നു. പുലർച്ചെ നാലരയോടെയാണ് കുട്ടിയുടെ കൈകാലുകൾ തണുത്ത് മരവിച്ച നിലയിൽ കണ്ടത്. ഉടൻ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. അട്ടപ്പാടിയിലെ ട്രൈബൽ ആശുപത്രിയിൽ നിന്നും ഏറെ അകലെയുള്ള ഓന്തമലയിൽ നിന്നും തൊട്ടടുത്തുള്ള തമിഴ്‌നാടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം. 2018ൽ 13 കുട്ടികളാണ് അട്ടപ്പാടിയിൽ മരിച്ചത്. ഇതിൽ അഞ്ചുകുട്ടികളുടെ മരണകാരണം മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാവാം എന്ന സംശയമായിരുന്നു ഡോക്ടർമാർ ഉന്നയിച്ചത്. 2017ൽ 14ഉം 2014 ൽ 30 കുട്ടികൾ മരിച്ചപ്പോൾ 2013 ലാണ് ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചത്. 63 കുട്ടികളായിരുന്നു ആ വർഷം മരിച്ചത്. 2016 ലാണ് അട്ടപ്പാടിയിൽ താരമേന കുറവ് കുട്ടികൾ മരിച്ചത്. 8 മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.