ഷൊർണൂർ: കുളപ്പുള്ളി ഗവ. പ്രസ് ഗോഡൗണിൽ തീപിടുത്തം. അഗ്‌നിശമന സേന എത്തി പെട്ടെന്ന് തീയണച്ചതിനാൽ നഷ്ടം 35000 രൂപയിൽ ഒതുങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രസിന്റെ പ്രധാന കെട്ടിടത്തിൽ നിന്നും 50 മീറ്ററോളം ദൂരെയുള്ള പേപ്പർ കട്ടിംഗ് വെയ്സ്റ്റ് സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ഗോഡൗണിൽ നിറയെ പേപ്പർ വെയ്സ്റ്റിന്റെ ബണ്ടലുകളുണ്ടായിരുന്നു. പൂട്ടിയിട്ട കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട സമീപത്തെ വീട്ടുകാരാണ് വിവരം പ്രസ് അധികൃതരെ അറിയിച്ചത്. സമീപത്തുള്ള ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂറോളം വെള്ളം ചീറ്റിയതിന് ശേഷമാണ് തീയണക്കാനായത്.
ഒരു മുറിയിലുണ്ടായിരുന്ന പേപ്പർ വെയ്സ്റ്റ് ബണ്ടിലുകൾ പൂർണമായും കത്തിയമർന്നു. അടുത്ത റൂമുകളിലും ബണ്ടലുകളുണ്ടായിരുന്നു. അവിടേക്ക് തീ പടരുന്നത് അഗ്‌നിശമന സേനക്ക് തടയാനായി. ഈ പേപ്പർ വെയ്സ്റ്റുകൾ പൾപ്പ് നിർമ്മാണ കമ്പനികൾക്ക് ലേലം വില്ക്കുന്നതാണ് പതിവ്. ഒരു മുറിയിലെ വെയ്സ്റ്റ് ബണ്ടലുകൾ കത്തിയ ഇനത്തിൽ ഇരുപതിനായിരം രൂപയും ഗോഡൗണിന്റെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ കഠിനമായ ചൂടിൽ പൊട്ടി കേടായ ഇനത്തിൽ പതിനയ്യായിരം രൂപയുമാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. പൂട്ടിയിട്ട ഗോഡൗണിൽ തീ പടർന്നതിന്റെ കാരണവും കണ്ടെത്താനായിട്ടില്ല. വയറിംഗ് പോലും നടത്താത്തതാണ് ഈ കെട്ടിടം.