പാലക്കാട്: നഗരത്തിലെ വിവിധയിടങ്ങളിൽ കുന്നുകൂടിയ മാലിന്യം നാളെ മുതൽ നീക്കം ചെയ്തുതുടങ്ങും. മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നഗരസഭ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, ആരോഗ്യസ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ,ഹെൽത്ത് ഇൻസ്‌പെക്ടർ,ഹെൽത്ത് സൂപ്പർവൈസർ, കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ,വൈസ് പ്രസിഡന്റ്, ഹെൽത്ത് ഇൻസ്‌പെക്ടർ,ട്രഞ്ചിങ് ഗ്രൗണ്ട് സ്ഥിതി ചെയ്യുന്ന വാർഡിലെ മെമ്പർ എന്നിവരുൾപ്പെടുന്ന മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യയോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
മാലിന്യക്കൂനകൾ കണ്ടെത്തി തരംതിരിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അഴുകാത്ത മാലിന്യങ്ങൾ നഗരസഭ സ്ഥാപിച്ചിട്ടുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിലേക്കും അഴുകുന്ന മാലിന്യങ്ങൾ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള തുമ്പൂർമുഴി കമ്പോസ്റ്റിംഗ് സംവിധാനങ്ങളിലൂടെയും വളമാക്കി മാറ്റും. അധികമുള്ള ജൈവമാലിന്യങ്ങൾ അതാതിടങ്ങളിലോ, കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് കുറഞ്ഞത് 30 മീറ്റർ ദൂരത്തിൽ കുഴിയെടുത്ത് കുഴികമ്പോസ്റ്റാക്കാം. വിവിധ കേന്ദ്രങ്ങളിൽ ബയോബിന്നുകൾ സ്ഥാപിക്കും. ഇതിന്റെ പിരപാലനം ഹരിതകർമ സേനക്കാണ്. ഫ്ലാറ്റുകൾ, കോളനികൾ, വ്യാപാര സമുച്ഛയങ്ങൾ എന്നിവിടങ്ങളിലും ബയോബിൻ സ്ഥാപിച്ച് മാലിന്യം അതാതിടങ്ങളിൽ സംസ്‌കരിക്കുന്നതിന് നഗരസഭ നടപടിയെടുക്കണം. അജൈവ മാലിന്യങ്ങൾ ഹരിതകർമ്മസേന ശേഖരിച്ച് എംസിഎഫിലേക്ക് മാറ്റണം. വീടുകളിൽ അഴുകുന്ന മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങൾക്കായി 90 ശതമാനം വരെ സബ്‌സിഡി നൽകും. മാത്രമല്ല ശുചിത്വമിഷൻ, ഐആർടിസി എന്നിവയുടെ സാങ്കേതികസഹായം ഉറപ്പാക്കാം. ഇതുവഴി കൊടുമ്പ് മാലിന്യ സംസ്‌കരണ ശാലയിലേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് കുറയും.
ഹരിതകർമ്മസേന നഗരത്തിലുണ്ടാകുന്ന പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ച്,തരംതിരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ, റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി സംവിധാനത്തിലേക്ക് അതാത് ദിവസം നീക്കം ചെയ്യും. ക്ലീൻ കേരള കമ്പനിയുടെ സഹകരണവും മാലിന്യ നീക്കത്തിന് ഉണ്ടാവും. ശുചിത്വമിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ ഇന്നലെ പരിശോധന നടന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതികൾ തയ്യാറാക്കുക. മാലിന്യം നീക്കവുമായി ബന്ധപ്പെട്ട് കുടുംബശ്രീക്കാരുടെ യോഗംനാളെ ഉച്ചക്ക് രണ്ടിന് നടക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ പറഞ്ഞു.