ചെർപ്പുളശ്ശേരി: നെല്ലായ - കുലുക്കല്ലൂർ ത്വരിത ഗ്രാമീണ ശുദ്ധജല പദ്ധതി ചെർപ്പുളശ്ശേരി നഗരസഭയിലേക്ക് നീട്ടുന്നതിന് നെല്ലായ പഞ്ചായത്ത് തടസം നിൽക്കുന്നുവെന്ന നഗരസഭ ഭരണ സമിതിയുടെ പ്രസ്ഥാവന ദുരാരോപണമെന്ന് നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷാഫി. നെല്ലായ പഞ്ചായത്തിൽ മാത്രം 27 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചെങ്കിലും തുടർനടപടികൾ ആയിട്ടില്ല. ഇരു പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ച പദ്ധതി ഉദ്ദേശലക്ഷ്യത്തിലെത്തിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

പഞ്ചായത്തിലെ കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന ഭൂരിപക്ഷം പേർക്കും ഈ പദ്ധതി കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് യാതൊരു വിധ കൂടിയാലോചനകളും നടത്താതെ ചെർപ്പുളശേരി നഗരസഭയിലേക്ക് പദ്ധതി നീട്ടാൻ വാട്ടർ അതോറിറ്റി ഏകപക്ഷീയമായി തീരുമാനിച്ചത്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. നെല്ലായ, കുലുക്കല്ലൂർ പഞ്ചായത്തുകളിലെ ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് പൈപ്പ് ലൈൻ എത്തിക്കാതെ ഈ പദ്ധതിയിൽ ആവശ്യത്തിണ് കണക്ഷൻ ഇല്ല എന്ന ന്യായീകരണം കണ്ടെത്തി നഗരസഭയിലേക്ക് നീട്ടാനാണ് വാട്ടർ അതോറിറ്റി ഉദ്ദേശിക്കുന്നത്. ഈ നീക്കം ജനങ്ങളെ അണിനിരത്തി നേരിടും.


ഈ പദ്ധതിയുടെ ഗുണഭോക്തൃ പഞ്ചായത്തുകളായ നെല്ലായ കുലുക്കല്ലൂർ പഞ്ചായത്തുകളിലെ ആവശ്യമായ സ്ഥലങ്ങളിലേക്ക് കുടിവെള്ളം എത്തിച്ചതിനു ശേഷം വിതരണ ശേഷി ഉണ്ടെങ്കിൽ മറ്റു പ്രദേശങ്ങളെക്കൂടി ഗുണഭോക്തൃ പ്രദേശങ്ങളായി നിശ്ചയിക്കുന്നതിന് എതിരല്ല. താരതമ്യേന മെച്ചപ്പെട്ട ധനസ്ഥിതിയുള്ള നഗരസഭയുടെ ഭരണസമിതി പഞ്ചായത്തിലെ ജനങ്ങൾക്ക് ലഭിക്കുന്ന ചെറിയ ചില സൗകര്യങ്ങൾ പോലും വിവാദങ്ങളുണ്ടാക്കി മുടക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പി.കെ.മുഹമ്മദ് ഷാഫി വാർത്താ കുറിപ്പിൽ അറിയിച്ചു.