കടമ്പഴിപ്പുറം: രജിസ്ട്രാർ ഓഫീസ് ജംഗ്ഷനിലെ പഞ്ചായത്ത് ഷോപ്പിംഗ് സെന്ററിൽ പ്രവർത്തിക്കുന്ന ബ്ലോക്കുതല ഫെഡറേറ്റഡ് പച്ചക്കറി ക്ലസ്റ്ററിൽ നിന്നുള്ള മാലിന്യം പരിസരവാസികൾക്ക് തലവേദനയാകുന്നു. ചീഞ്ഞ പച്ചക്കറി മാലിന്യങ്ങൾ സംസ്‌കരിക്കാൻ സംവിധാനമില്ലാത്തതാണ് പ്രധാന കാരണം. ഇതോടെ വില്പനയ്ക്ക് ശേഷം ബാക്കി വരുന്ന പച്ചക്കറി വേസ്റ്റുകൾ സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിടും. ഇതിൽ നിന്നുള്ള ദുർഗന്ധം കാരണം വഴിയാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ചെറുകിട പച്ചക്കറി കർഷകർക്ക് ഉത്പന്നങ്ങളുടെ വിപണനത്തിനും, കുറഞ്ഞ വിലക്ക് പച്ചക്കറികൾ ലഭ്യമാക്കുന്നതിനുമായാണ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്ലസ്റ്റർ ആരംഭിച്ചത്. വേസ്റ്റ് കൂട്ടിയിടുന്ന സ്ഥലത്തിനോട് ചേർന്നാണ് സർക്കാർ ഹോമിയോ ഡിസ്പൻസറി, രജിസ്ട്രാർ ഓഫീസ് കെട്ടിടം, കാഴ്ച്ച പരിമിതരായവരുടെ താമസകേന്ദ്രം, ഖാദി നെയ്ത്തുകേന്ദ്രം, സരസ്വതി വിദ്യാലയം എന്നിവ പ്രവർത്തിച്ചു വരുന്നത്. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
സ്ഥിരം ചന്തയായതിനാൽ മാലിന്യത്തിന്റെ തോത് കൂടുതലാണ്. ഇവിടെ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പകർച്ചവ്യാധികൾ പടർന്ന് പിടിക്കാനുള്ള സാഹചര്യത്തിൽ, മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി മാലിന്യങ്ങൾ സാംസ്‌കരിക്കാൻ ആവശ്യമായ സൗകര്യം ഒരുക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.