.കെട്ടികിടക്കുന്നത് 400 ടൺ നെൽവിത്ത്
കൊല്ലങ്കോട്: നെൽവിത്ത് സംഭരിക്കുന്നതിൽ സർക്കാരിന്റെ കാലതാമസംമൂലം വിത്ത് കർഷകർ ദുരിതത്തിൽ. കൊയ്‌തെടുത്ത് ഉണക്കി സൂക്ഷിച്ച 400 ടൺ നെൽവിത്താണ് ജില്ലയിലെ വിവിധ കർഷകരിൽ നിന്നായി സംഭരിക്കാതെ കെട്ടിക്കിടക്കുന്നത്.
ഒന്നാംവിളയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നതിനാൽ സംഭരണം നടക്കാത്തതിൽ കർഷകർക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വടവന്നൂർ മേനങ്കത്ത് പാശേഖര സമിതി കർഷകനായ രവീന്ദ്രൻ പറഞ്ഞു.
13 ശതമാനം ഈർപ്പം നിലനിർത്തി നെൽവിത്ത് ഉണക്കി സൂക്ഷിക്കുവാൻ വളരേയെറെ പ്രയാസപ്പെടുകയാണ് കർഷകർ. വടവന്നൂർ മേനങ്കത്ത് പാശേഖര സമിതിയിലെ രവീന്ദ്രൻ, ബീന, വിനയ്, രാമൻകുട്ടി മേനോൻ, നാരായണൻകുട്ടി മേനോൻ എന്നിവരുടെ 55 ടൺ നെൽവിത്താണ് രവീന്ദ്രന്റെ വീട്ടിൽ ഷെഡ്ഡ് നിർമ്മിച്ച് സൂക്ഷിച്ചിരിക്കുന്നത്.
വർഷകാലം ആരംഭിച്ചാൽ ഇത് കർഷകർക്ക് കൂടുതൽ ബുദ്ധിമുട്ടാകും. കിലോയ്ക്ക് 34 രൂപ നിരക്കിലാണ് സംഭരിക്കുന്നത്. ഇനിയൊരു മഴ ലഭിച്ചാലുടൻ ജില്ലയിൽ എല്ലായിടത്തും ഒന്നാംവിള കൃഷിയിറക്കൽ വ്യാപകമാകും. ഈ സാഹചര്യത്തിലും ഇത്തരത്തിൽ വിത്ത് കെട്ടിക്കിടക്കുന്നത് അടുത്ത സീസണിൽ നെൽവിത്ത് ഉല്പാദിപ്പിക്കുവാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാകുമെന്ന് കർഷകർ പറഞ്ഞു.