. ഇടിച്ച കാർ കണ്ടെത്താനായില്ല


ചെർപ്പുളശ്ശേരി: വല്ലപ്പുഴയിലെ സ്റ്റാർ നൈറ്റ് ഹോട്ടൽ ഉടമ ഹമീദിനെ ഇടിച്ച് തെറിപ്പിച്ച കാർ നിർത്താതെ പോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞ ഏപ്രിൽ 28ന് പുലർച്ചെ ആറുമണിക്ക് പട്ടാമ്പി കൽപ്പക സ്ട്രീറ്റിൽ വച്ചാണ് സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തന്റെ വാഹനത്തിനടുത്ത് നിൽക്കുകയായിരുന്ന ഹമീദിനെ അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ശേഷം കാർ പാലക്കാട് ഭാഗത്തേക്ക് ഓടിച്ചുപോയി. ഈ ദൃശ്യങ്ങൾ സമീപത്തെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും നമ്പർ വ്യക്തമല്ല.


തലയ്ക്കും കൈയ്ക്കും കാലിനും പരിക്കേറ്റ ഹമീദ് വല്ലപ്പുഴയിലെ വീട്ടിൽ ചികിത്സയിലാണ്. ഹമീദിന്റെ പരാതിയിൽ പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇടിച്ചകാറിനെ കുറിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ല. മാരുതി അൾട്ടോ കാറാണ് ദൃശ്യങ്ങളിൽ ഉള്ളതെങ്കിലും നമ്പർ വ്യക്തമല്ല. തനിക്കെതിരെ നടന്നത് ബോധപൂർവ്വമായ വധശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ഹമീദ് പറഞ്ഞു. തന്നെ ഇടിച്ചു വീഴ്ത്തിയ ശേഷവും യാതൊരു പതർച്ചയുമില്ലാതെയാണ് കാർ ഓടിച്ചു പോയതെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹമീദ് ആവശ്യപ്പെട്ടു.

അതേസമയം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് വാടാനാംകുറുശ്ശി പെട്രോൾ പമ്പുവരെയുള്ള വിവിധ സി.സി ടി.വി ക്യാമറകൾ പരിശോധിച്ചിരുന്നെങ്കിലും കാറിന്റെ നമ്പർ വ്യക്തമാകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ കാറിലുണ്ടായിരുന്ന ഒരു വ്യക്തിയുടെ മുഖം ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.