thadayana
കുന്തിപ്പുഴയുടെ കാരാംകടവിലെ താൽകാലിക തടയണ തകർന്ന നിലയിൽ.

കൊപ്പം: കുന്തിപ്പുഴയുടെ വിവിധ കടവുകളിലെ താൽകാലിക തടയണകൾ തകർത്ത് മണലെടുപ്പ് വ്യാപകം. കുലുക്കല്ലൂർ, വിളയൂർ, തിരുവേഗപ്പുറ പഞ്ചായത്തുകളിലെ കടവുകളിലെ താൽകാലിക തടയണകൾ പലതവണയായി തകർക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കുലുല്ലക്കൂർ പഞ്ചായത്തിലെ മപ്പാട്ടുകര സ്ഥിരംതടയണ, നാട്യമംഗലം ഇട്ടക്കടവ് തയണ, പുലാമന്തോൾ പാലത്തിന് സമീപമുള്ള താൽകാലിക തടയണ, കാരാംകടവ് താൽകാലിക തടയണ എന്നിവയുടെ പരിസരത്ത് നിന്നാണ് മണലെടുപ്പ് നടക്കുന്നത്.

കാരാംകടവ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ തകർത്തിരുന്നു. അഞ്ചാംതവണയാണ് ഈ തടയണ തകരുന്നത്. മണലെടുപ്പാകാരെന്നാണ് ഇതിനു പിന്നിലെന്നാണ് ആരോണം. കാരാംകടവ് തടയണ തകരുന്നതുമൂലം ഒമ്പത് പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടുക. പെരിന്തൽമണ്ണ വാട്ടർ അതോറിറ്റി മൂർക്കനാട് നിലപറമ്പത്ത് മേജർ കുടിവെള്ള പദ്ധതി ലക്ഷ്യം വച്ച് നിർമ്മിച്ചതാണ് കാരാംകടവ് താൽകാലിക തടയണ. കഴിഞ്ഞ അഞ്ച് തവണയും തടയണ തകർക്കപ്പെട്ടതോടെ ഒമ്പത് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.

കരാറുകാരൻ സ്വന്തം ചെലവിൽ ഇതര സംസ്ഥാന തൊഴിലാളികളെവച്ചാണ് തടയണ പുനർനിർമ്മിക്കുന്നത്. തടയണ തകർക്കുന്നവരെ കണ്ടെത്തുന്നതിന് കൊളത്തൂർ, കൊപ്പം പൊലീസ് സ്‌റ്റേഷനുകളിൽ അധികൃതർ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല.

വിളയൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിലുള്ളവരുടെ പ്രധാന ജലസ്രോതസ് കൂടിയാണ് കാരാംകടവ് താൽകാലിക തടയണ. സ്ഥിരമായി തടയണ തകർക്കുന്നതിനാൽ വലിയ ജലക്ഷാമമാണ് പുഴയോര പ്രദേശങ്ങളിൽ ജനങ്ങൾ നേരിടുന്നത്.