ഒറ്റപ്പാലം: വേങ്ങശ്ശേരി ആവക്കോടുള്ള അമ്പലപ്പാറ പഞ്ചായത്തിന്റെ പ്രാദേശിക കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയും പൈപ്പുകളും സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ജലസംഭരണയും പൈപ്പുകളും തുളയിട്ടാണ് നശിപ്പിച്ചിട്ടുള്ളത്. ഇതോടെ വെള്ളം സംഭരിച്ചു വയ്ക്കാനാവാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം രാവിലെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് പൈപ്പ് പൊട്ടിയ വിവരം ശ്രദ്ധിയിൽപ്പെട്ടത്.
രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന സ്ഥലമാണ് ആവക്കോട്. മാസങ്ങളായി പ്രദേശത്തെ പൊതുകിണറിൽ നിന്നും പമ്പ് ചെയ്താണ് നാട്ടുകാർ വെള്ളം ഉപയോഗിച്ചിരുന്നത്. ആയിരം ലിറ്ററിന്റെ ജലസംഭരണിയും പൈപ്പും സാമൂഹിക വിരുദ്ധർ നശിപ്പിച്ചതോടെ നിലവിൽ പ്രദേശത്തെ പത്ത് വീടുകൾക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്.
ഇത് രണ്ടാം തവണയാണ് ജലസംഭരണി ഇത്തരത്തിൽ നശിപ്പിക്കുന്നത്. ഒന്നരമാസം മുമ്പാണ് ജലസംഭരണി മാറ്റി പുതിയത് സ്ഥാപിച്ചതെന്ന് വാർഡ് അംഗം എം.സുബ്രഹ്മണ്യൻ പറഞ്ഞു. ആറുവർഷം മുമ്പ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ആവക്കോട് പ്രാദേശിക കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ജലസംഭരണിയും പൈപ്പും നശിപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.കുഞ്ഞൻ പറഞ്ഞു.