പാലക്കാട്: കാട്ടുപന്നിയിടിച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. തോണിക്കടവ് തെക്കേക്കര വീട്ടിൽ കേശവന്റെ മകൻ പ്രസാദ് (28) ആണ് മരിച്ചത്. അവിവാഹിതനാണ്. മലമ്പുഴ പാലക്കാട് റോഡിൽ കുളപ്പരത്തിയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പാലക്കാട് ടൗണിൽ നിന്നും വരികയായിരുന്നു ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. പ്രസാദിനെ സംഭവംനടന്ന ഉടൻതന്നെ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ നാലുമണിയോടെ മരണം സ്ഥിരീകരിച്ചിരുന്നു.
റോഡിന്റെ ഇടതുവശത്തു നിന്നും കാട്ടുപന്നി ഓട്ടോയുടെ മുൻചക്രത്തിൽ ഇടിച്ചതോടെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പാലക്കാട് നിന്നും സെക്കന്റ് ഷോ സിനിമ കണ്ടുമടങ്ങുകയായിരുന്ന ഓട്ടോയിൽ മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ചുപേർ ഉണ്ടായിരുന്നെങ്കിലും ഇവരെല്ലാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മലമ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടത്തി. അമ്മ: വനജ. സഹോദരങ്ങൾ: പ്രകാശൻ, അനിത, അജിത, ഗിരിജ, ആതിര, അംബിക, അർച്ചന, രജനി.