പട്ടാമ്പി: പുലാമന്തോൾ ഡിസൈൻ റോഡിന്റെ രണ്ടാംഘട്ടം പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടക്കത്തിൽ ടാർ ചെയ്തു നിർത്തിയ തെക്കുമുറി ഭാഗത്തു നിന്നാണ് രണ്ടാംഘട്ട റബ്ബറൈസിംഗ് പണികൾ തുടങ്ങിയിരിക്കുന്നത്. റോഡിലെ മെറ്റലിങ്ങും മറ്റ് പരിശോധനകളും നേരത്തെ കഴിഞ്ഞിരുന്നു. ഇപ്പോൾ ബി.എം ടാറിംഗ് ആണ് നടക്കുന്നത്. തെക്കുമുറി മുതൽ ശങ്കരമംഗലം വരെയുള്ള നവീകരണം പൂർത്തിയായി.
ഊരാളുങ്കൽ ലേബർ കൻസ്ട്രക്ഷൻ സൊസൈറ്റിയാണ് രണ്ടാംഘട്ടത്തിലെ നവീകരണം ഏറ്റെടുത്തിരിക്കുന്നത്. ഇതിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചാണ് നിർമ്മാണം നടക്കുന്നത്. നിലവിൽ കൊപ്പം ഭാഗത്തേക്കുള്ള വാഹനങ്ങൾ പട്ടാമ്പി മുതുതല തൃത്താല കൊപ്പം വഴിയാണ് പോകുന്നത്.
മൂന്ന് ഫണ്ടുകളിൽ നിന്നായി 17 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ടാറിംഗ് നടക്കുന്നതോടൊപ്പം തന്നെ ബാക്കി ഭാഗങ്ങളിൽ ഉപരിതലം പൊളിക്കുന്ന പ്രവർത്തിയും നടക്കുന്നുണ്ട്. എന്നാൽ വെള്ളം നനക്കാതെ നടത്തുന്ന പ്രവർത്തനംമൂലം പൊടിശല്യം ദുരിതമാണെന്ന് നാട്ടുകാർ പറഞ്ഞു. പൊടിശല്യം കൂടുതൽ വലക്കുന്നത് ഇരുചക്രവാഹനക്കാരെയും റോഡരികിലുള്ള വ്യാപാരികളെയുമാണ്.
തുടർച്ചയായ പൊടിശല്യം ആരോഗ്യ പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ടെന്നും കുടിവെള്ളം മലിനമാകുന്നെന്നുമാണ് വ്യാപക പരാതി. റോഡിന്റെ വീതി കുറച്ചതും വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. നവീകരണം നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് മെയ് 20വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.