ചെർപ്പുളശ്ശേരി: നഗരസഭാ വൈസ് ചെയർമാൻ സ്ഥാനത്തു നിന്നും രാജിവയ്ക്കുന്നതായി കെ.കെ.എ.അസീസ്. നഗരസഭാ ചെയർപേഴ്‌നും മുസ്ലീം ലീഗ് മുൻസിപ്പൽ കമ്മിറ്റിക്കും തന്റെ രാജിക്കത്ത് നൽകിയിയതായും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് കെ.കെ.അസീസ് രാജിക്കത്ത് നേതൃത്വത്തിന് നൽകിയത്. എന്നാൽ രാജി സ്വീകരിച്ചിട്ടില്ലെന്നും കത്ത് പാർട്ടിക്ക് കൈമാറുകയാണ് ചെയ്തതെന്നും നഗരസഭാ ചെയർപേഴ്‌സൺ ശ്രീലജ വാഴക്കുന്നത്ത് പറഞ്ഞു. മുസ്ലീം ലീഗ് മുൻസിപ്പൽ, മണ്ഡലം കമ്മിറ്റിയും കെ.കെ.എ .അസീസിന്റെ രാജിക്കത്ത് തള്ളിയതായാണ് സൂചന.
സ്വന്തം തീരുമാന പ്രകാരമാണ് വൈസ് ചെയർമാൻ സ്ഥാനം രാജിവക്കുന്നത്. പാർട്ടി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് തീരുമാനം. മുന്നണി ധാരണ പ്രകാരമല്ല താൻ രാജിക്കത്ത് നൽകിയതെന്നുമാണ് അസീസ് പ്രതികരിച്ചത്. ഔദ്യോഗികമായി തിങ്കളാഴ്ച കാര്യങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ല കെ.കെ.എ. അസീസ് രാജിക്കത്ത് നൽകിയിട്ടുള്ളതെന്ന് ജില്ലാ നേതാക്കളും വ്യക്തമാക്കി.
യു.ഡി.എഫ് നേരത്തെയുണ്ടാക്കിയ ധാരണ പ്രകാരം നഗരസഭയിൽ ആദ്യ രണ്ടര വർഷം കോൺഗ്രസിനും, തുടർന്ന് രണ്ടര വർഷം മുസ്ലീം ലീഗിനുമാണ് ഭരണം നിശ്ചയിച്ചിരുന്നത്. ഇതുപ്രകാരം കഴിഞ്ഞ വർഷം ചെയർപേഴ്‌സൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ രാജിവക്കേണ്ടതായിരുന്നെങ്കിലും നടന്നില്ല. ഇക്കാര്യത്തിൽ യു.ഡി.എഫിന്റേയും ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടേയും തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. നിലവിലെ രാഷ്ടീയ സാഹചര്യത്തിൽ അസീസ് വൈസ് ചെയർമാൻ സ്ഥാനത്ത് തുടർന്നേക്കുമെന്നാണ് കോൺഗ്രസ് ബ്ലോക്ക് നേതൃത്വം പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച തന്നെ ഇതു സംബന്ധിച്ച് യു.ഡി.എഫിന്റേയും, ലീഗിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. നിലവിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയാണ് കെ.കെ.എ അസീസ്.