ചിറ്റൂർ: സ്പിരിറ്റ് കേസ് പ്രതി അത്തിമണി അനിൽ എക്‌സൈസ് പിടിയിൽ. ശനിയാഴ്ച രാത്രി 11 മണിയ്ക്ക് ചിറ്റൂരിൽവച്ചാണ് പ്രതി എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് ഇന്റലിജൻസ് വകുപ്പ് രഹസ്യവിവരത്തെ തുടർന്ന് മെയ് ഒന്നിന് നടത്തിയ വാഹന പരിശോധനയിലാണ് ആഢംബര കാറിൽ കടത്താൻ ശ്രമിച്ച 525 ലിറ്റർ സ്പിരിറ്റുമായി തത്തമംഗലത്തുവച്ച് എക്‌സൈസിന്റെ മുന്നിലകപ്പെട്ടത്. എന്നാൽ, വാഹനമുപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. ഇയാൾക്കായി വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ ചിറ്റൂർ ടൗണിൽ നിന്ന് പിടിയിലാവുകയായിരുന്നു. പെരുമാട്ടി കേന്ദ്രീകരിച്ച് നടന്ന നിരവധി രാഷ്ട്രീയ അക്രമസംഭവങ്ങളിലും പ്രതിയാണ് അത്തിമണി അനിൽ എന്നറിയപ്പെടുന്ന അനിൽകുമാർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സ്പിരിറ്റ് കേസിൽ പ്രതിയായതോടെ സി.പി.എം പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗമായ അനിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.