നെന്മാറ: കാർഷിക വികസന പദ്ധതി നിറയുടെ ഭാഗമായി ആലത്തൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ 'കൊയ്ത്തിനൊരു കൈത്താങ്ങ് ' പദ്ധതിയിലൂടെ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിച്ച കർഷകർക്ക് ഡിവിഡന്റ് വിതരണം ചെയ്യാൻ തീരുമാനമായി. നിറ ഹരിതമിത്ര സ്വയംസഹായ സംഘത്തിലെ കൊയ്ത്തുയന്ത്രം ഉപയോഗിച്ച എ ക്ലാസ് (ലൈഫ്) അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. 30 ശതമാനം തുകയാണ് ഡിവിഡന്റായി ലഭിക്കുക. നിയോജക മണ്ഡലത്തിലെ 2000 ഏക്കറുകളിലായി 2016 മണിക്കൂർ നേരമാണ് നിറ ഹരിതമിത്രയുടെ കൊയ്ത്ത് യന്ത്രങ്ങൾ വയലിലിറങ്ങിയത്.

ഇടനിലക്കാരെ ഒഴിവാക്കിയും സമയ നിയന്ത്രണം പാലിച്ചും 100786 രൂപയാണ് സംഘത്തിന് ലാഭമായി ലഭിച്ചത്. ഈ തുകയാണ് വിതരണം ചെയ്യുക. രണ്ടു വർഷമായി തുടരുന്ന പദ്ധതി കൊയ്ത്തുയന്ത്ര മാഫിയകൾക്ക് കനത്ത വെളിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 2400, 1800 എന്നിങ്ങനെ കൊള്ള നടത്തിയിരുന്നിടത്ത് നിറ കൊയ്ത്ത് യന്ത്രങ്ങൾ 2000, 1400 നിരക്കിൽ ലഭ്യമാക്കിയതോടെ മാഫിയകൾ പ്രതിസന്ധിയിലായി.

പ്രാരംഭ ഘട്ടത്തിൽ ചില സ്വകാര്യ ഏജന്റുമാർ നിറ യന്ത്രത്തെ എതിർക്കുകയും പ്രവർത്തനം തടസപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും കർഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ലാഭവിഹിതം കൂടി നൽകുന്നതോടെ കൂടുതൽ കർഷകർ കൊയ്ത്തു യന്ത്രം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഒന്നാംവിള കാലത്ത് നടീൽ നടത്തുന്നതിനായി കർഷകർക്ക് തൊഴിലാളികളെ എത്തിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

സ്വദേശികളും ഇതര സംസ്ഥാനത്തെയും തൊഴിലാളികളാണ് നിറ ഹരിത മിത്രം സംഘത്തിലൂടെ വയലുകളിൽ എത്തുക. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ കെ.ഡി.പ്രസേനൻ എം.എൽ.എ അദ്ധ്യക്ഷനായി. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ഗംഗാധരൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോർജ്ജ് ജോസഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി പ്രകാശ്, പദ്ധതി കൺവീനർ എം.വി.രശ്മി എന്നിവർ സംസാരിച്ചു.