ഒറ്റപ്പാലം: ഷൊർണൂർ ജംഗ്ഷൻ സ്പർശിക്കാതെ കടന്നുപോകുന്ന 40തോളം ദീർഘദൂര എക്‌സ്പ്രസ് ട്രെയിനുകൾ മലബാറിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി വള്ളത്തോൾ നഗറിനെ ഷൊർണൂരിന്റെ ഉപഗ്രഹ സ്‌റ്റേഷനാക്കി ഉയർത്താനുള്ള പദ്ധതി റെയിൽവേ പരിഗണിക്കുന്നു. ഷൊർണൂർ - കൊച്ചിൻ പാതയിൽ ഷൊർണൂരിൽ സ്റ്റേഷനിൽ നിന്ന് നാലുകിലോമീറ്റർ മാത്രം അകലെയാണ് ചെറുതുരുത്തി വള്ളത്തോൾ നഗർ സ്റ്റേഷൻ.
പാലക്കാട് ഡിവിഷൻ പ്രദേശത്താണ് ഷൊർണൂർ ജംഗ്ഷൻ എന്ന സാങ്കേതിക പ്രശ്‌നമുണ്ട്. ഇത് പരിഹരിക്കാൻ വള്ളത്തോൾ നഗറിനെ പാലക്കാട് ഡിവിഷനിൽ ലയിപ്പിച്ച് ഷൊർണൂരിന്റെ ഉപഗ്രഹ സ്റ്റേഷനാക്കി ഉയർത്തി കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് നൽകാനാണ് റെയിൽവെ ആലോചിക്കുന്നത്. ഷൊർണൂർ സ്റ്റേഷൻ ഒഴിവാക്കി ഏപ്രിൽ ഒന്നുമുതൽ അഞ്ച് എക്‌സ്പ്രസ് ട്രെയിനുകൾകൂടി ഭാരതപ്പുഴ ലിങ്ക്‌ലൈൻ വഴി ചെന്നൈ - തിരുവനന്തപുരം ഭാഗത്തേക്ക് വഴി തിരിച്ചുവിട്ടിരുന്നു. ഇത് മലബാറിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ആലപ്പി, ധൻബാദ് അടക്കം അഞ്ച് ട്രെയിനുകളായിരുന്നു ഇത്തരത്തിൽ വഴിമാറിയത്. ഇതുവരെ മുപ്പതിലേറെ ട്രെയിനുകളാണ് ഇങ്ങനെ ഷൊർണൂരിന് നഷ്ടമായിട്ടുള്ളത്.
തിരുവനന്തപുരം, എറണാംകുളം, തൃശൂർ വഴി ഷൊർണൂർ സ്പർശിക്കാതെ പാലക്കാട് ജംഗ്ഷൻ വഴി ചെന്നൈ റൂട്ടിലോടുന്ന മുപ്പതിലേറെ പ്രധാന ദീർഘദൂര എക്‌സ്പ്രസുകളാണ് മലബാറിനും, ഷൊർണൂരിനും നഷ്ടമായത്.
ഇത് പരിഹരിക്കാൻ ഷൊർണൂരിൽ ട്രയാംങ്കുലർ സ്‌റ്റേഷൻ മുതൽ ബൾബ് സ്റ്റേഷൻ വരെ വിവിധ പദ്ധതി നിർദ്ദേശങ്ങൾ ഉയർന്നുവന്നെങ്കിലും ഒന്നും നടന്നില്ല. ഭാരതപ്പുഴ സ്റ്റേഷൻ പുനരാരംഭിച്ച് ഷൊർണൂർ ഈസ്റ്റ് സ്റ്റേഷനാക്കി വികസിപ്പിക്കാനുള്ള പദ്ധതിയും റെയിൽവേക്കുണ്ട്. ഇതിന് ഷൊർണൂരിൽ നിന്ന് ഭാരതപ്പുഴ സ്റ്റേഷനിലേക്ക് ഒന്നര കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തിയാക്കണം. സാങ്കേതികവും, സാമ്പത്തികവുമായ വശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പല പദ്ധതികളും നടപ്പിലാവാതെ പോയത്. ഇപ്പോൾ സാമ്പത്തിക ചെലവില്ലാതെ വള്ളത്തോൾ നഗറിന് ഉപഗ്രഹ സ്റ്റേഷൻ പദവി നൽകി, ഷൊർണൂർ സ്പർശിക്കാതെ കടന്നുപോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്.
* ഡിവിഷൻ പ്രശ്‌നം പരിഹരിക്കണം
ഉപഗ്രഹ സ്റ്റേഷൻ പദ്ധതിക്കായി വള്ളത്തോൾ നഗറിനെ ഉയർത്തിയെടുക്കുന്നതിന് മുന്നോടിയായി നിലവിലെ ഡിവിഷൻ പ്രശ്‌നം പരിഹരിക്കണം. 55 കിലോമീറ്റർ ദൂരെ പാലക്കാട് ഡിവിഷനിൽ കൺട്രോൾ റൂമിൽ നിന്നാണ് ഷൊർണൂർ സ്റ്റേഷന്റെ നിയന്ത്രണം. തിരുവനന്തപുരം ഡിവിഷണൽ കൺട്രോൾ റൂമിൽ നിന്നാണ് വള്ളത്തോൾ നഗറിന്റെ നിയന്ത്രണം. ഇത് നിലവിൽ ഷൊർണൂർ ജംഗ്ഷൻ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ഭാരതപ്പുഴയ്ക്കു കുറുകെ റെയിൽവേ പാലത്തിൽ ഒരു ഗതാഗത പ്രശ്‌നമുണ്ടായാൽ തിരുവനന്തപുരത്ത് നിന്നുവേണം സാങ്കേതിക നിർദ്ദേശങ്ങളും മറ്റും ലഭിക്കാൻ.
പാലക്കാട് ഡിവിഷൻ ആസ്ഥാനത്ത് നിന്നാണെങ്കിൽ കാര്യങ്ങൾ കൂടുതൽ സുഗമമാകും. ഉപഗ്രഹ സ്റ്റേഷനാക്കി മാറ്റാൻ വള്ളത്തോൾ നഗറിന്റെ നാലുകിലോമീറ്റർ റെയിൽവേ മേഖല പാലക്കാട് ഡിവിഷനിൽ കൂട്ടിച്ചേർക്കാനാണ് പദ്ധതി.