പാലക്കാട്: ജില്ലയുടെ നാടകചരിത്രം പുസ്തകമാകുന്നു. നാടക പ്രവർത്തകരുടെ സംസ്ഥാന സംഘടനയായ നാടക് ജില്ലാ കമ്മിറ്റിയാണ് മൺമറഞ്ഞ നാടക പ്രതിഭകളുടെ ജീവിതവും നാടകങ്ങളും നാടക പ്രസ്ഥാനത്തിനുവേണ്ടി അവർവഹിച്ച പങ്കും ശേഖരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് രവി തൈക്കാട്, സെക്രട്ടറി സജിത് കോങ്ങാട് എന്നിവർ പറഞ്ഞു.
തമിഴ് നാടകങ്ങളുടെ പാലക്കാടൻ ബന്ധവും അവതരണവും തമിഴ്‌നാട് മുഖ്യമന്ത്രിവരെയായി ഖ്യാതി നേടിയ ആദ്യകാല നടൻ എം.ജി.ആറിനെപോലുള്ള പ്രശസ്തരുടെ പാലക്കാട്ടെ നാടക പ്രവർത്തനങ്ങളും പഴയകാല നാടക ചിത്രങ്ങളും കണ്ടെത്തുന്നത് നാടക് മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ്.
സാംസ്‌കാരിക വകുപ്പിന്റെയും പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും പത്രങ്ങളുടെ ആദ്യകാല റിപ്പോർട്ടുകളിൽ നിന്നും നാടകത്തിലൂടെ സാമൂഹ്യമാറ്റം ഉണ്ടാക്കിയവരുടെ തലമുറയിലെ ഇന്നുള്ളവരിൽ നിന്നും 'നാടക്' വിവരങ്ങൾ ശേഖരിച്ചാണ് 'പാലക്കാടിന്റെ നാടക ചരിത്രം' പൂർണതയിലേക്ക് എത്തിക്കുന്നത്. പാലക്കാട് ഇന്നുള്ള നാടക പ്രവർത്തകരെ കുറിച്ചും പുസ്തകത്തിൽ അവതരിപ്പിക്കുന്നുണ്ട്. പഴയകാല നാടക പ്രവർത്തകരുടെ വിവരങ്ങൾ അറിയാവുന്നവർ 9349177666 എന്ന വാട്‌സപ്പുവഴി അറിയിക്കേണ്ടതാണെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.