പാലക്കാട്: ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയെന്ന നേട്ടത്തിനു പുറകെ ഫലം വന്നപ്പോൾ 98.19 ശതമാനത്തിന്റെ തിളക്കമാർന്ന വിജയം നേടിയതിന്റെ സന്തോഷത്തിലാണ് മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. 886 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ 870 പേർ വിജയം നേടുകയും 56 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തു.

കഴിഞ്ഞ വർഷം 97.2 ശതമാനമായിരുന്നു വിജയശതമാനം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർ 71 പേരും. 856 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 832 പേർ വിജയിച്ചു. എന്നാൽ ഇത്തവണ എ പ്ലസുകളുടെ എണ്ണം കുറഞ്ഞെങ്കിലും വിജയശതമാനം കൂടിയതിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികച്ച അക്കാമിക അന്തരീക്ഷം കുട്ടികൾക്ക് നൽകാൻ സാധിച്ചു അതിവർ മികച്ച വിജയം സമ്മാനമായി തന്നുവെന്നും അദ്ധ്യാപകർ പറഞ്ഞു.

എഴുത്തും വായനും അറിയാത്ത സ്‌കൂളിലെ 54 വിദ്യാർത്ഥികൾക്കും, പഠനത്തിലും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ പ്രത്യേക ക്ലാസുകളും നൽകിയതാണ് വിജയശതമാനം കൂട്ടാൻ സാധിച്ചത്. 120തോളം അദ്ധ്യാപകരാണ് സ്‌കൂളിൽ ഉള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു ശതമാനം വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അടുത്തവർഷം നൂറുശതമാനം വിജയം നേടാനുള്ള ശ്രമം ഈ അദ്ധ്യായന വർഷം മുതൽ തുടരുമെന്നും പ്രധാന അദ്ധ്യാപകൻ ജോസ് ഡാനിയൽ പറഞ്ഞു.