പാലക്കാട്,​ പൊതുവെ ഏറ്റവും കുറവ് വിദ്യാ‌ർത്ഥികൾ പരീക്ഷ എഴുതുന്ന സ്കൂൾ ആണെങ്കിലും നൂറുശതമാനം വിജയത്തിൽ യാക്കര ശ്രവണ സംസാര ഹയ‌ർസെക്കൻഡറി സ്കൂൾ 26 വ‌‌ർഷമായി ഏറ്റവും മുന്നിൽ തന്നെയാണ്. 1993 മുതലാണ് ഇവിടെ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ തുടങ്ങിയത്. അന്നുമുതൽ ഇതുവരെ നൂറുശതമാനം വിജയം തന്നെ. 14 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഒമ്പത് ആൺകുട്ടികളും അ‍ഞ്ച് പെൺകുട്ടികളും. ഇതിൽ രണ്ട് പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴി‍‍ഞ്ഞതവണ 19 പേ‌‌ർ പരീക്ഷ എഴുതിയതിൽ ഒരു വിദ്യാ‌ർത്ഥിക്കു മാത്രമാണ് ഫുൾ എ പ്ലസ് നേടാൻ കഴിഞ്ഞത്. ഇത്തവണ അത് രണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ ശാന്ത പറഞ്ഞു.

സംസാര ഭാഷയിലൂടെ തന്നെയാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് എന്നതാണ് ഈ ശ്രവണ സംസാര സ്കൂളിന്റെ പ്രത്യേകത. അദ്ധ്യാപക‌ർ സംസാരിക്കുമ്പോൾ ചുണ്ടിലെ ചലനങ്ങളിൽ നിന്നാണ് ഇവർ മനസിലാക്കുന്നത്. 1981ൽ ആരംഭിച്ച സ്കൂളിന് 2016ലാണ് ഹയർസെക്കൻ‌ഡറി നിലവാരത്തിലോട്ട് ഉയർന്നത്. ആകെ 198 അദ്ധ്യാപകരാണ് ഇവിടെയുള്ളത്. തുടർന്നുള്ള വർഷങ്ങളിലും ഇതേ നൂറുശതമാനം വിജയം നേടുകയും ഒപ്പം എ പ്ലസുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും അദ്ധ്യാപകർ പറഞ്ഞു.