പട്ടാമ്പി: കാൽ നൂറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയിൽ വീട്ടമ്മ എഴുതിയ കഥകളുടെ സമാഹാരം തൃശൂരിൽ പ്രകാശനം ചെയ്തു. തൃത്താല കള്ളിവളപ്പിൽ യൂസഫ് അഹമ്മദിന്റെ ഭാര്യ സുരയ്യ യൂസഫിന്റെ 27കഥകളുടെ സമാഹാരമായ 'കഥയും കഥയില്ലായ്മ'യും എന്ന കൃതിയാണ് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രകാശനം ചെയ്തത്. ആര്യൻ കണ്ണനൂർ പുസ്തകം സ്വീകരിച്ചു.

എഴുത്തുകാരായ അഗസ്റ്റിൻ കുട്ടനെല്ലൂർ, ഡോ.രാജൻ ചുങ്കത്ത്, വി.ടി.വാസുദേവൻ, അഡ്വ.കെ.വി.മരക്കാർ തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസ ജീവിതത്തിനിടയിൽ സുരയ്യ എഴുതിയ നിരവധി കഥകളിൽ നിന്ന് തിരഞ്ഞെടുത്തവയാണ് സമാഹാരത്തിലുള്ളത്.

വളാഞ്ചേരി പുത്തൻവീട്ടിൽ നൂറുദ്ധീന്റെയും, കല്പകഞ്ചേരി പെരുമാൾ പറമ്പിൽ സുഹറാബിയുടേയും മകളായി ജനിച്ച സുരയ്യ കോഴിക്കോട് എം.ഇ.എസ് കോളേജിലാണ് പഠിച്ചത്. 1985 ൽ തൃത്താലയിലേക്ക് വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് 27 വർഷം ഭർതാവിനോടൊപ്പം സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിക്കുകയും ചെയ്തു. ഇക്കാലത്താണ് ഒട്ടുമിക്ക കഥകളും എഴുതിയത്. ആറ് വർഷം മുമ്പ് തൃത്താലയിൽ തിരിച്ചെത്തി സ്വന്തമായി വസ്ത്രവ്യാപാരം ആരംഭിച്ചു. അദ്വിൻ, അദിൽ, അദീബ്, അൽദാൻ എന്നിവർ മക്കളും ശബ്‌ന മരുമകളുമാണ്. യുവിൻ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധപ്പെടുത്തിയത്. ടിവിഎം അലിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്.

ഫോട്ടോ .സുരയ്യ യൂസഫ ഫിന്റെ കഥാസമാഹാരം അശോകൻ ചെരുവിൽ ആര്യൻ കണ്ണന്നൂരിന് നൽകി പ്രകാശനം ചെയ്യുന്നു.