ചെർപ്പുളശ്ശേരി: നഗരസഭാ വൈസ് ചെയർമാൻ സ്ഥാനത്തുനിന്നും രാജിവക്കാനുള്ള തീരുമാനം പാർട്ടിയുടെയോ മുന്നണിയുടെയോ അല്ല, വ്യക്തിപരമാണെന്ന് കെ.കെ.എ.അസീസ്. താൻ നിലവിൽ മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയാണ്. പാർട്ടി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാജിവയ്ക്കുന്നത്. നഗരസഭയിൽ യു.ഡി.എഫിന് തുടർ ഭരണം ഉറപ്പാക്കാനാണ് ശ്രമം. രാജി പാർട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും അസീസ് പറഞ്ഞു.
എന്നാൽ, തനിക്കെതിരെ വിജിലൻസ് അന്വേഷണം വരുന്നതുകൊണ്ടാണ് രാജിവക്കുന്നത് എന്നാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. തന്റെ കൈകൾ സംശുദ്ധമാണ്. എന്തെങ്കിലും കാരണവശാൽ താൻ രാജി പിൻവലിക്കുകയാണെങ്കിൽ അത് സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ടാവും. പാർട്ടിയും, മുന്നണിയുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. അതനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.