* 69 സ്കൂളുകൾക്ക് നൂറുമേനി വിജയം
* 2223 പേർക്ക് സമ്പൂർണ എ പ്ലസ്
* കഴിഞ്ഞ വർഷത്തെ വിജയശതമാനം 95.6
* എല്ലാ വിഷയത്തിനും എപ്ലസ് നേടിയത് 2176 വിദ്യാർത്ഥികൾ
* നൂറ് ശതമാനം വിജയംനേടിയ സ്കൂളുകൾ 61
പാലക്കാട്: ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ പരീക്ഷയെഴുതിയ 96.51 ശതമാനം വിദ്യാർത്ഥികളും വിജയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ .9 ശതമാനത്തിന്റെ വർദ്ധനവ്. പക്ഷേ, സംസ്ഥാന തലത്തിൽ ഇത്തവണ പാലക്കാടിന് വയനാടിന് തൊട്ടുമുമ്പ് 13-ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും സർക്കാർ - അർദ്ധ സർക്കാർ സ്കൂളുകൾ മികച്ച വിജയം കരസ്ഥമാക്കിയത് വലിയ പ്രതീക്ഷയാണ്.
ജില്ലയിൽ ആകെ പരീക്ഷയെഴുതിയ 41254 കുട്ടികളിൽ 39815 പേരും തുടർ വിദ്യാഭ്യാസത്തിന് അർഹതനേടിയപ്പോൾ 2223 പേരും മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയാണ് വിജയിച്ചത്. ഇതിൽ 1644 പേർ പെൺകുട്ടികളും 579 പേർ ആൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം 2176 വിദ്യാർത്ഥികൾക്ക് സമ്പൂർണ എപ്ലസ് ലഭിച്ചിരുന്നു. അപ്രതീക്ഷിത പ്രളയത്തെ തുടർന്ന് 2018 - 19 അദ്ധ്യയനവർഷത്തിൽ കുട്ടികൾക്ക് നിരവധി പ്രവർത്തിദിനങ്ങൾ നഷ്ടമായിരുന്നു. അതിനെയെല്ലാം മറികടന്നാണ് സർക്കാർ അർദ്ധ സർക്കാർ സ്കൂളുകൾ മിന്നുന്ന വിജയം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്.
വിഭ്യാഭ്യാസ ജില്ലകളുടെ അടിസ്ഥാനത്തിൽ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് ഒറ്റപ്പാലത്താണ്. 12724 പേർ. ഇതിൽ 12381 പേരും വിജയിച്ചു. പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ 18914 വിദ്യാർത്ഥികളിൽ 18084 പേരും മണ്ണാർക്കാട് 9616 ൽ 9350 പേരും വിജയിച്ചു. ജില്ലയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയത് ആകെ 69 സ്കൂളുകളാണ്. ഇതിൽ അൺഎയ്ഡഡ് സ്കൂളുകളാണ് മുന്നിൽ 35. പിന്നാലെ സർക്കാർ സ്കൂളുകളും അർദ്ധസർക്കാർ സ്കൂളുകളുമുണ്ട്. യഥക്രമം 24, 10 എന്നിങ്ങനെയാണ് എണ്ണം. വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്കിൽ പാലക്കാട് ആണ് മുന്നിൽ 33 സ്കൂളുകൾ. 23 സ്കൂളുകമായി ഒറ്റപ്പാലമാണ് രണ്ടാമത്. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആകെ 13 സ്കൂളുകൾക്കാണ് ഈ നേട്ടം കൈവരിക്കാനായത്.
ഉത്തര കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ മെയ് 7 മുതൽ19 വരെ സമർപ്പിക്കാം. ഉപരിപഠനത്തിന് അർഹത നേടാത്ത വിദ്യാർത്ഥികൾക്കായി മെയ് 20 മുതൽ 25 വരെ സേ പരീക്ഷ നടത്തും. ജൂൺ ആദ്യവാരം സേ പരീക്ഷാ ഫലം പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങൾക്കുവരെ സേ പരീക്ഷ എഴുതാം. 2019ലെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് സേ പരീക്ഷാഫലം പുറത്തുവന്നശേഷം ലഭിക്കും.