c-b-s-e-10-results

പാലക്കാട്: അന്നന്നത്തെ പാഠഭാഗം അന്നന്നുതന്നെ പഠിക്കുമ്പോഴോ, പരീക്ഷയടുക്കുമ്പോൾ എല്ലാവരെയും പോലെ കുത്തിയിരുന്ന് പഠിക്കുമ്പോഴോ ഭാവനയിൽപ്പോലും റാങ്ക് എന്നൊരു സ്വപ്നം കണ്ടിരുന്നില്ല. അപ്രതീക്ഷിതമായി കിട്ടിയ ഈ ഒന്നാം റാങ്കിൽ ഇരട്ടി സന്തോഷമെന്ന് പറഞ്ഞ ഭാവന എൻ. ശിവദാസ് ഇതിന്റെ മുഴുവൻ ക്രെഡിറ്റും നൽകിയത് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമാണ്.

സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ 500ൽ 499 മാർക്ക് നേടിയാണ് പാലക്കാട് കുന്നത്തൂർമേട് ലക്ഷണയിൽ ഡോ.നവീൻ ശിവദാസിന്റയും ദീപ്തി ശിവദാസിന്റെയും ഏക മകൾ ഭവന ഒന്നാം റാങ്ക് നേടിയത്. രാജ്യത്ത് 13 വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിച്ചപ്പോൾ അതിലെ ഏക മലയാളിയായി ഈ കൊച്ചു മിടുക്കി.

പാലക്കാട് കൊപ്പം ലയൺസ് സ്‌കൂൾ വിദ്യാത്ഥിനിയാണ് ഭാവന. ഇംഗ്ലീഷ്, സംസ്കൃതം, സയൻസ്, മാത്തമാറ്റിക്‌സ് എന്നിവയിൽ നൂറിൽ നൂറും സോഷ്യൽ സയൻസിൽ 99 മാർക്കുമാണ് സ്വന്തമാക്കിയത്. മാത്തമാറ്റിക്‌സിനും സയൻസ്‌ക്രീറ്റിനും ട്യൂഷനുണ്ടായിരുന്നു എന്നതൊഴിച്ചാൽ മറ്റ് പ്രത്യേക പഠനരീതികളൊന്നും ഉണ്ടായിരുന്നില്ല. എൽ.കെ.ജി മുതൽ കൊപ്പത്തു തന്നെ പഠിച്ച ഭാവനയ്ക്ക് തുടർന്ന് പ്ലസ് ടുവിനും അവിടെ പഠിക്കാനാണ് താൽപര്യം. അച്ഛനും മുത്തച്ഛനും അറിയപ്പെടുന്ന ഡോക്ടർമാരാണെങ്കിലും ഭാവനയ്ക്ക് താത്പര്യം എൻജിനിയറിംഗ് ആണ്. തന്റെ സ്വപ്നങ്ങളെ പിന്തുടരാനാണ് രക്ഷിതാക്കൾ എപ്പോഴും പറയുക, അവർക്ക് തന്റെമേൽ അമിത പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. ഇതാവാം പഠനത്തിൽ സമ്മർദ്ദങ്ങളില്ലാതെ മുന്നോട്ടുപോകാൻ സഹായിച്ചത്. അതാണ് വിജയം കൊണ്ടുവന്നതെന്നും പതിനഞ്ചുകാരി പറഞ്ഞു.

ഒഴിവുസമയങ്ങളിൽ പുസ്തകങ്ങൾ വായിക്കാനാണ് ഇഷ്ടം. ശാസ്ത്രീയ സംഗീതവും പഠിക്കുന്നുണ്ട്. മകളുടെ ഈ നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അച്ഛൻ ഡോ.നവീൻ ശിവദാസും അമ്മ ദീപ്തിയും പറഞ്ഞു.