ഷൊർണൂർ: പരുത്തിപ്ര ചേത്തലമന വൈഷ്ണവം ട്രസ്റ്റിന്റെ സംസ്‌കൃത പണ്ഡിതനുള്ള ഈ വർഷത്തെ വൈഷ്ണവം പുരസ്‌കാരം ഡോ. വി.രാമകൃഷ്ണ ഭട്ടിന് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഡോ.സി.എം.നീലകണ്ഠൻ അറിയിച്ചു. 11ന് വൈകീട്ട് ആറിന് ചുഡുവാലത്തൂർ ജനഭേരി സാംസ്‌കാരിക നിലയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര സമ്മാനിക്കും. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ന്യായ വേദാന്ത പണ്ഡിതനായ ഡോ.വി.രാമകൃഷ്ണ ഭട്ട് കാസർക്കോട് സ്വദേശിയാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പ്രൊഫസർ, ഡീൻ തുടങ്ങിയ പദവികളിൽ നിന്ന് വിരമിച്ച ഭട്ടിന് ഇന്ത്യയിലുടനീളം നിരവധി ശിഷ്യന്മാരുണ്ട്.
വിദ്യാഭ്യാസ പ്രോത്സാഹനം, കലാപഠനം, അക്ഷരശ്ലോക കാവ്യകേളി പഠനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെ മറ്റു എൻഡോവ്‌മെന്റ് സമ്മാനങ്ങളും ചടങ്ങിൽ സമ്മാനിക്കും. അക്ഷരശ്ലോകം, കാവ്യകേളി, കേരള നടനം, ചവിട്ടുനാടകം, കലാമണ്ഡലം വേണി അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നീ പരിപാടികളോടെ ചടങ്ങിന് സമാപനമാകും.