railway-station
കൊല്ലങ്കോട് റെയിൽവേ സ്‌റ്റേഷൻ.

കൊല്ലങ്കോട്: പാലക്കാട് ടൗണിൽ നിന്നും പൊള്ളാച്ചിവഴി ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സൂപ്പർഫാസ്റ്റിന് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം. യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് തിരുവനന്തപുരം - മധുരൈ അമൃത എക്സ്പ്രസ് നാളെ മുതൽ കൊല്ലങ്കോട് നിറുത്തു. ഈ സാഹചര്യത്തിൽ ചെന്നൈ സൂപ്പർഫാസ്റ്റിനും കൂടി സ്റ്റോപ്പ് അനുവദിച്ചാൽ ദീർഘദൂര യാത്രക്കാർക്കും പ്രദേശത്തെ കച്ചവടക്കാർക്കും ഏറെ ആശ്വാസമാകും. നിലവിൽ പാലക്കാട് - തിരിച്ചെന്തൂർ പാസഞ്ചറിന് മാത്രമാണ് കൊല്ലങ്കോട് സ്റ്റോപ്പുള്ളത്. പാലക്കാട് നിന്ന് അതിരാവിലെ 4.30ന് പുറപ്പെടുന്ന ട്രെയിൻ 5.15നാണ് കൊല്ലങ്കോട് എത്തുക. ചെന്നൈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചാൽ രാവിലെത്തെ പാസഞ്ചറിൽ യാത്രചെയ്ത് പൊള്ളാച്ചിയിലെത്തി കച്ചവടക്കാർക്ക് ചരക്കെടുത്ത് സൂപ്പർഫാസ്റ്റിൽ തിരികെയെത്താം. രാവിലെ 9.45 നാണ് ചെന്നൈ - പാലക്കാട് സൂപ്പർഫാസ്റ്റ് കൊല്ലങ്കോട് കടന്നുപോകുന്നത്. ഇത് ഉച്ചയ്ക്ക് 3.45ന് തിരിച്ച് കൊല്ലങ്കോട് എത്തും. ഇതിൽ കയറിയാൽ പൊള്ളാച്ചിയിൽ പോയി രാത്രി 7.15ന് എത്തുന്ന അമൃതയിൽ തിരിച്ചുവരാമെന്ന് കച്ചവടക്കാരും പാസഞ്ചേഴ്സ് അസോസിയേഷനും പറയുന്നു.

കൊല്ലങ്കോടും സമീപ പഞ്ചായത്തുകളിലുമായി നിരവധിയാളുകളാണ് ചരക്ക് എടുക്കാനായി ദിവസേന പൊള്ളാച്ചിയിലേക്ക് പോകുന്നത്. ഇവരിൽ ഭൂരിഭാഗം ആളുകളും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ചുരുക്കം ചിലർ ചരക്ക് വാഹനങ്ങളെയും ആശ്രയിക്കുന്നു. പാലക്കാട് - പൊള്ളാച്ചി റൂട്ടിലോടുന്ന മൂന്ന് ട്രെയിനുകൾക്കും കൊല്ലങ്കോട് സ്റ്റോപ്പ് അനുവധിച്ചാൽ അത് വലിയവിഭാഗം ആളുകൾക്കും പ്രയോജനകരമാകും. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ആവശ്യം അനുഭാവ പൂർവം പരിഗണിക്കാമെന്ന ഉറപ്പാണ് റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത് എന്നാണ് ഊട്ടറ കൊല്ലങ്കോട് റെയിൽ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ പറയുന്നത്.

* അമൃതയ്ക്ക് സ്റ്റേപ്പായി, റിസർവേഷൻ സൗകര്യമില്ലാതെ യാത്രക്കാർ

ഒരിടവേളയ്ക്ക് ശേഷമാണ് കൊല്ലങ്കോട് സ്റ്റോപ്പിൽ തിരുവനന്തപുരം - മധുരൈ അമൃത അക്സ്പ്രസ് നിറുത്തുന്നത്. ഇത് ഏറെ ആവേശത്തോടെയാണ് യാത്രക്കാർ വരവേറ്റതെങ്കിലും സ്റ്റേഷനിൽ റിസർവേഷൻ സൗകര്യമില്ലാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കൊല്ലങ്കോട്, നെന്മാറ, മുതലമട, കാമ്പ്രത്തുചള്ള, വടവന്നൂർ, ചിറ്റൂർ, കരിപ്പോട്, പുതുനഗരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ദീർഘദൂര യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യാൻ പാലക്കാട് സ്റ്റേഷനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ആവശ്യത്തിന് ജീവനക്കാരും റിസർവേഷന് വേണ്ട സാങ്കേതിക സംവിധാനവും കൊല്ലങ്കോട് സ്റ്റേഷനിൽ ഇല്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. അടിയന്തരമായി കൊല്ലങ്കോടും റിസർവേഷൻ സൗകര്യം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.