പാലക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ മാലിന്യനീക്കം ആരംഭിച്ചെങ്കിലും പൊതുസ്ഥലങ്ങളിൽ കുന്നുകൂടിക്കിടക്കുന്ന പ്ലാസ്റ്റ് മാലിന്യം ഉൾപ്പെടെയുള്ളവ കത്തിക്കുന്നത് നഗരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. തിരുനെല്ലായ് ബൈപാസ് റോഡ്, കല്ലേക്കാട് പെട്രോൾ പമ്പിന് സമീപം, നൂറണി, ചക്കാന്തറ പള്ളിക്കു സമീപം, വലിയങ്ങാടി, മേപ്പറമ്പ് ബൈപാസ് എന്നിവിടങ്ങളിൽ റോഡോരങ്ങളിലുള്ള കുന്നുകൂടിയ മാലിന്യങ്ങളാണ് സാമൂഹ്യവിരുദ്ധർ കത്തിക്കുന്നത്. ഇതിൽ നിന്നുയരുന്ന പുക സമീപവാസികൾക്കും കച്ചവട സ്ഥാപനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വയോധികരായ പലർക്കും ശാരീരിക അസ്വസ്തതകളും ഉണ്ടായതായി നാട്ടുകാർ പറയുന്നു. കൂമ്പലുപോലുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ രണ്ടുദിവസമെടുക്കും പുക പൂർണമായും ഇല്ലാതാകാൻ. മാലിന്യഗന്ധം നീങ്ങിതുടങ്ങുന്നതിന് മുമ്പ് പുറകെവന്ന പുകയ്ക്ക് ആരോട് പരാതി പറയുമെന്ന അവസ്ഥയിലാണ് ജനങ്ങൾ.
- മാലിന്യംനീക്കം ആദ്യഘട്ടം തുടങ്ങി
നഗരപരിധിയിൽ മോശമായി കിടക്കുന്ന വലിയങ്ങാടി പച്ചക്കറി മാർക്കറ്റ്, ബസ് സ്റ്റാന്റ് പരിസരം തുടങ്ങിയ കേന്ദ്രങ്ങളിലെ മാലിന്യങ്ങളാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്. ഇതിന് പുറമെ വീടുകളിലെയും മാലിന്യം നീക്കം ചെയ്യും. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ വേർതിരിച്ച ശേഷം ജൈവമാലിന്യങ്ങൾ മാത്രമാണ് സംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കുക. രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമേ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോകാൻ പറ്റൂ. മാലിന്യം കയറ്റുന്നിടത്തും ഇറക്കുന്നിടത്തും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ പരിശോധനയും ഉണ്ടാകും. കൂടാതെ പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ കണ്ടാൽ വാഹനം തിരിച്ചയക്കുകയും ചെയ്യും.
- വീടുകളിലെ മാലിന്യങ്ങൾക്ക് ഫീസ്
ഇനി വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾക്ക് നിശ്ചിത ഫീസ് ഈടാക്കും. എന്നാൽ ഫ്‌ളാറ്റുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ മാത്രമേ ശേഖരിക്കൂ. ജൈവ മാലിന്യങ്ങൾ ശേഖരിക്കില്ല. വീടുകളിൽ നിന്ന് രണ്ടു മാലിന്യങ്ങളും ശേഖരിക്കും. ഇവയ്ക്ക് മാസം 150 രൂപയാണ് ഫീസ്. ഫ്‌ളാറ്റുകളിൽ ജൈവമാലിന്യം സംസ്‌കരിക്കാൻ ബയോബിന്നുകൾ നിർബന്ധമാക്കും. മാലിന്യം ശേഖരണവും സംസ്‌കരണവും വാർഡുകളിൽ രൂപീകരിച്ച മൂന്ന് അംഗ ഹരിത കർമ്മസേനയുടെ നേതൃത്വത്തിലായിരിക്കും. സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും നിർദ്ദേശം ഏർപ്പെടുത്തി. ഇതുമൂലം ജൈവമാലിന്യങ്ങൾ പരമാവധി നഗരപരിധിയിലുള്ള തുമ്പൂർമുഴി പ്ലാന്റ്, ബയോബിന്നുകൾ എന്നിവയിൽ സംസ്‌കരിക്കണം.