ചിറ്റൂർ: ഭാഷ ന്യൂനപക്ഷങ്ങളും ആദിവാസി വിഭാഗങ്ങളുമുള്ള കിഴക്കൻ മേഖലയിലെ സ്കൂളുകൾ ഇത്തവണ മികച്ചവിജയം നേടിയതിന് പിന്നിൽ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിയവദ്ാകിരണം പദ്ധതിയാണ്. വിദ്യാഭ്യസ നിലവാരത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പഠന നിലവാരം ഉയർത്താൻ വിദ്യാകിരണം പദ്ധതിയിലൂടെ സാധിച്ചു, അതിന്റെ തെളിവാണ് ഈ നൂറ് മേനി വിജയം.

സർക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടി എം.എൽ.എയുടെ നേതൃത്വത്തിൽ വിദ്യാകിരണം പദ്ധതി നടപ്പാക്കിയത്. മൂന്നു വർഷമായി നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഫലമായി കഴിഞ്ഞവർഷം വിജയശതമാനം 84 ആക്കി ഉയർത്തി. ഇത്തവണ അത് 99.8 ശതമാനമാണ്. പാഠപുസ്തകങ്ങൾ ലഘൂകരിച്ച് മലയാളം, തമിഴ്, ഇംഗ്ലീഷ് വിഷയത്തിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയതും ഏറെ ഗുണംചെയ്തുവെന്ന് അദ്ധ്യാപകരും പറയുന്നു.

ചിറ്റൂർ മണ്ഡലത്തിലെ 19 സ്കൂളുകളിൽ നിന്നും 2563 പേർ പരീക്ഷയെഴുതിയതിൽ 2466 പേരും വിജയിച്ചു. നാല് സർക്കാർ സ്കൂളുകൾ ഉൾപ്പെടെ ആറ് സ്കൂളുകൾക്ക് നൂറുമേനി വിജയമുണ്ട്. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് സ്കൂളിൽ 391വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 390 പേരും വിജയിച്ചു. നൂറാം വാർഷികം ആഘോഷിക്കുന്ന പട്ടഞ്ചേരി ഹൈസ്കൂൾ നൂറിൽ നൂറ് ശതമാനം വിജയമാണ് നേടിയത്. ഹൈസ്കൂളായി ഉയർത്തിയതിനു ശേഷം തുടർച്ചയായി ഏഴാം തവണയും തമിഴ്നാട് അതിർത്തി പ്രദേശത്തുള്ള മീനാക്ഷിപുരം സ്കൂൾ നൂറുമേനി വിജയം നിലനിർത്തി. കന്നിമാരി പി.പി.എച്ച്.എസിൽ പരീക്ഷ എഴുതിയ 39ൽ 39 പേരും വിജയച്ചു.