പട്ടാമ്പി: മൂർക്കാട്ടുപറമ്പ്‌ മഹാത്മാ സേവാകേന്ദ്രം വാർഷിക ആഘോഷം പത്തു മുതൽ 12വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്തിന് വൈകീട്ട് അഞ്ചിന് പട്ടാമ്പി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ മാരത്തോൺ കൂട്ടഓട്ട മത്സരം, പെനാൽറ്റി ഷൂട്ടൗട്ട്, നാടൻപാട്ട്, കലാമണ്ഡലം രേഷ്മയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും. ഉദ്ഘാടനം മുൻ എം.എൽ.എ സി.പി.മുഹമ്മദ് നിർവഹിക്കും. പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ.തങ്ങൾ അദ്ധ്യക്ഷത വഹിക്കും. ആലത്തൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി രമ്യഹരിദാസ് മുഖ്യാതിഥിയാകും. ഫ്രീസർ, ജനറേറ്റർ സൗകര്യത്തോടു കൂടിയ ആംബുലൻസ് സമർപ്പണം, പലിശരഹിത വായ്പാ പദ്ധതിയുടെ രണ്ടാംഘട്ടം എന്നിവയ്ക്ക് തുടക്കം കുറിക്കും. പദ്ധതിക്ക് നേതൃത്വം നൽകിയ വനിതാ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കും. 11ന് വൈകീട്ട് കസേരകളി, വടംവലി മത്സരം, ഹേമന്ദ് കുളപ്പുള്ളിയുടെ മിമിക്രി ഷോ എന്നിവ അരങ്ങേറും. 12ന് വൈകീട്ട് വോളിബോൾ മത്സരം, കിഴായൂർ സംഘത്തിന്റെ ചവിട്ടുകളി, മോഹനനും സംഘവും അവതരിപ്പിക്കുന്ന മാജിക് ഷോ, കലാമണ്ഡലം ലതിക സുജിത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ എന്നിവ അരങ്ങേറുമെന്ന് ഭാരവാഹികളായ കെ.ആർ.നാരായണസ്വാമി, കെ.സി.മണികണ്ഠൻ, ടി.വി.അശോകൻ എന്നിവർ അറിയിച്ചു.