പടിഞ്ഞാറങ്ങാടി: വേനൽ മഴ പെയ്തതോടെ പട്ടിത്തറ പഞ്ചായത്ത് 16ാം വാർഡിലെ പടിഞ്ഞാറങ്ങാടി - കരിമ്പനക്കുന്ന് നിവാസികളുടെ യാത്ര ദുസഹമായിരിക്കുകയാണ്. മഴവെള്ളവും മണ്ണും കുത്തിയൊലിച്ച് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ടുണ്ട്. കരിമ്പനക്കുന്ന് ജുമാമസ്ജിദ് നെല്ലിപ്പടി റോഡിലാണ് കൂടുതൽ ദുരിതം. ഈ ഭാഗത്ത് റോഡിനു വീതി കുറഞ്ഞതും കാനയില്ലാത്തതും ദുരിതം ഇരട്ടിയാക്കുന്നു.

ടാറിങ് കഴിഞ്ഞപ്പോൾ വെള്ളം കുത്തിയൊലിച്ചു നാശം സംഭവിക്കാതിരിക്കാൻ ഈ ഭാഗങ്ങളിൽ പഞ്ചായത്ത് അധികൃതർ കോൺക്രീറ്റ് ചെയ്തിരുന്നു. പറക്കുളം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള വിതരണത്തിന് പൈപ്പിടാൻ കോൺക്രീറ്റ് പൊളിച്ചത് പൂർവസ്ഥിതിയിലാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

കാലവർഷം എത്തുന്നതോടെ റോഡ് ചെളിക്കുളമായി മാറും. സ്‌കൂൾ, മദ്രസ വിദ്യാർഥികളുൾപ്പെടെ ധാരാളം കാൽനടയാത്രക്കാരും ഇരുചക്രവാഹനക്കാരും സദാ സഞ്ചരിക്കുന്ന വഴിയാണിത്. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ ഇത് പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


മണ്ണും ചെളിയും നിറഞ്ഞ കരിമ്പനക്കുന്ന് പ്രദേശത്തെ റോഡ്‌