ചെർപ്പുളശ്ശേരി: ഉത്സവ പറമ്പുകളിൽ തിടമ്പേറ്റാൻ ഇനി ഗജരാജൻ ചെർപ്പുളശ്ശേരി പാർത്ഥനില്ല. വാദ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാർത്ഥൻ ഇന്നലെ യാത്രയായി. 45 വയസായിരുന്നു. അസാദ്ധ്യമായ തലയെടുപ്പും അഴകും സ്വഭാവശുദ്ധിയുമുള്ള ആനയായിരുന്നു പാർത്ഥൻ. തൃശ്ശൂർ പൂരം ഉൾപ്പടെ കേരളത്തിലെ പേരുകേട്ട ഉത്സവങ്ങളിലെല്ലാം തിടമ്പേറ്റാൻ പാർത്ഥന് അവസരം ലഭിച്ചു. വള്ളുവനാട്ടിലെ ഉത്സവങ്ങളിലെല്ലാം നിറ സാനിദ്ധ്യമായിരുന്നു.

പൂമുള്ളിമനക്കാരായിരുന്നു പാർത്ഥന്റെ ആദ്യ ഉടമസ്ഥർ. പതിനഞ്ച് വർഷം മുമ്പാണ് മോഹവില നൽകി ചെർപ്പുളശ്ശേരിയിലെ ശബരി ഗ്രൂപ്പ് ആനയെ സ്വന്തമാക്കിയത്. രാജശേഖരനും അനന്തപത്മനാഭനും അടക്കിവാണിരുന്ന ചെർപ്പുളശ്ശേരിയുടെ ആന തറവാട്ടിലെ ഏറ്റവും താരമൂല്യമുള്ള ആനയെന്ന വിശേഷണം അധികം വൈകാതെ തന്നെ പാർത്ഥൻ സ്വന്തമാക്കി. നല്ല ഉയരം, അതിനെ വെല്ലുന്ന തലയെടുപ്പും നല്ല സ്വഭാവവും എല്ലാം പാർത്ഥന് അനുകൂല ഘടകമായിരുന്നു.

തൃശ്ശൂർ പൂരത്തിന് സ്ഥിരമായി കണിമംഗലം ശാസ്താവ് എഴുന്നെള്ളിയിരുന്നത് പാർത്ഥന്റെ മേലെയിരുന്നയിരുന്നു. അടുത്തകാലത്ത് നടനീരിന്റെ പ്രശ്നം ആനയെ തളർത്തി. അതിനാൽ ഈ സീസണിൽ ഉത്സവങ്ങളിൽ പങ്കെടുത്തിരുന്നില്ല. കാറൽമണ്ണയിലെ ആനക്കൊട്ടിലിൽ ചികിത്സ തുടർന്നു വരുന്നതിനിടെയാണ് പാർത്ഥന്റെ അപ്രതീക്ഷിത വിയോഗം. ആന ചരിഞ്ഞ വാർത്തയറിഞ്ഞ് അയൽജില്ലകളിൽ നിന്ന് ഉൾപ്പടെ നിരവധി പേരാണ് ചെർപ്പുളശ്ശേരിയിൽ എത്തിയത്. കേരളത്തിലെ ഗജരാജൻമാരിൽ പേരുകേട്ട കൊമ്പനെ കൂടിയാണ് നഷ്ടമായയിരിക്കുന്നത്. രാത്രിയോടെ ജഡം സംസ്കരിക്കുന്നതിനായി വാളയാറിലേക്ക് കൊണ്ടുപോയി.