പാലക്കാട്: ടിപ്പു സുൽത്താൻ കോട്ടയിൽ പ്രവേശന ഫീസ് ഏർപ്പെടുത്തി ഒരാഴ്ച പിന്നുടുമ്പോൾ വരുമാനം 1,20425 രൂപ. ഫീസ് ഏർപ്പെടുത്തിയത് സന്ദർശകരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തുന്ന സന്ദർശകരിൽ ഭൂരിഭാഗവും ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ്. പലരും ഫീസ് ഏർപ്പെടുത്തിയ വിവരം ഇവിടെയെത്തിയപ്പോഴാണ് അറിയുന്നത്.
ഈ മാസം ഒന്നാംതിയതി മുലതാണ് സ്വദേശികൾക്ക് 25 രൂപയും വിദേശികൾക്ക് 300 രൂപയും ഫീസ് ഏർപ്പെടുത്തിയത്. വീഡിയോ എടുക്കണമെങ്കിൽ കൊടുക്കം 25 രൂപ. എന്നാൽ ഫോട്ടോഗ്രാഫി സൗജന്യമാണ്. ആദ്യദിനത്തിൽ ആകെ 26,000 രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത്. തിങ്കൾ മുതൽ വ്യാഴംവരെ ശരാശരി 500റോളം പേരും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 800ൽപ്പരം ആളുകളും കോട്ട ചുറ്റിക്കാണാൻ എത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
ഹനുമാൻ ക്ഷേത്രം, താലൂക്ക് സപ്ലൈ ഓഫീസ്, ജില്ലാ സബ് ജയിൽ എന്നിവ പ്രവർത്തിക്കുന്നത് കോട്ടയ്ക്ക് അകത്താണ്. അതിനാൽ സന്ദർശകരെ കൂടാതെ നൂറുകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ എത്താറുള്ളത്. ക്ഷേത്രത്തിനു ശേഷമുള്ള കവാടം കടന്നുപോകാനാണ് ഫീസ് നിർബന്ധം. ഇതിനപ്പുറത്താണ് താലൂക്ക് സപ്ലൈ ഓഫീസും ജില്ലാ സബ് ജയിലും. ഇവിടേക്ക് വരുന്നവർ മതിയായ രേഖകൾ കാണിച്ചാൽ ഫീസ് ഇല്ലാതെ കടത്തിവിടും. 15 വയസിന് മുകളിലുള്ളവർക്കാണ് പ്രവേശന ഫീസ് ഈടാക്കുന്നത്. ഫീസ് ഇല്ലാതെ ക്ഷേത്രം കഴിഞ്ഞുള്ള കാവടം കടക്കാൻ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നാണ് അധികൃതരുടെ നിലപാട്. ഫീസ് ഈടാക്കുന്ന വിവരം അറിയാതെ എത്തുന്ന സന്ദർശകരാണ് പ്രതിസന്ധിയിലാവുന്നത്.
* വേണം അടിസ്ഥാന സൗകര്യങ്ങൾ
കോട്ടയ്ക്കുള്ളിൽ എത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ ഒരുക്കിയിട്ടില്ല. കുടിവെള്ളം, ശൗചാലയം എന്നിവയില്ല. എന്നാൽ ടിക്കറ്റ് ചാർജിനു പുറമെ വാഹന പാർക്കിങ്ങിന് കൂടി തുക ഈടാക്കുന്നുണ്ട്. ദിനംപ്രതി രാവിലെ അഞ്ചു മുതൽ എട്ടുവരെ കോട്ടയ്ക്കു ചുറ്റും പ്രഭാതസവാരിക്കായി നൂറിലധികം പേരാണ് എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് ഇവരെയും ബാധിക്കാറുണ്ട്. പല തെരുവ് വിളക്കുകളും രാത്രിയിൽ പോലും കത്താറില്ല. ഫീസ് ഈടാക്കുന്നത് കൊണ്ട് കുഴപ്പമില്ല, ഇതോടൊപ്പം അടിസ്ഥാന സൗകര്യങ്ങൾ കൂടി ഉറപ്പാക്കാൻ അധികൃതർ മുൻകൈ എടുക്കണമെന്ന് സന്ദർശകരായ സുഭിഷ, ശ്രീനിഥി എന്നിവർ പറഞ്ഞു.