പാലക്കാട്: ഒലവക്കോട് പുതിയ പാലത്തോട് ചേർന്ന് വനംവകുപ്പും പരിസ്ഥിതി പ്രവർത്തകരും സംയുക്തമായി നട്ടുപിടിപ്പിച്ച ഉങ്ങുമരം പൂർണമായും വെട്ടി നശിപ്പിച്ചു. പുതുതായി നിർമ്മാണ പ്രവർത്തനം നടത്തുന്ന ഇരുനില വ്യാപാരസ്ഥാപനത്തിനു മുൻവശത്തെ പത്തുവർഷം പ്രായമുള്ള ഉങ്ങുമരമാണ് നശിപ്പിച്ചത്. കെ.എസ്.ഇ.ബി എന്ന വ്യാജേനയാണ് മരം മുറിച്ചു മാറ്റിയത്.
ഇതിനെതിരെ പരിസ്ഥിതി പ്രവർത്തകർ സ്ഥലത്തെത്തി മരംമുറി തടയുകയും മുറിച്ച മരത്തിൽ റീത്ത് വച്ച് കരിങ്കൊടി ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് കെ.എസ്.ഇ.ബി, വനംവകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അടുത്തിടെ നഗരത്തിൽ ആസിഡ് ഒഴിച്ച് മരം കരിച്ചുകളഞ്ഞ വിഷയത്തിലും മരം നശിപ്പിച്ച സംഭവത്തിലും ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മരം നശിപ്പിച്ചവർക്കെതിരെ പൊതുമുതൽ നശീകരണത്തിനും മോഷണത്തിനും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഐക്യവേദി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത ആവശ്യപ്പെട്ടു. കൺവീനർ ശ്യാംകുമാർ തേങ്കുറുശ്ശി, കെ.രാജേഷ്, ദീപം സുരേഷ്, ഹരിദാസ് മച്ചിങ്ങൽ, റാഫി ജൈനിമേട്, ആഷിക്ക് ഒലവക്കോട്, ഫാറുഖ്, ശിവരാജേഷ് എന്നിവർ സംസാരിച്ചു.