ഒറ്റപ്പാലം: റേഷൻ കടകളിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ മിന്നൽ പരിശോധന. വ്യാപക ക്രക്രമക്കേട് കണ്ടെത്തി രണ്ട് കടകൾക്കെതിരെ നടപടി. കൂനത്തറയിലെ 96ാം നമ്പർ റേഷൻകടയും കവളപ്പാറയിലെ 110ാം നമ്പർ റേഷൻ കടയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതേ തുടർന്ന് താലൂക്ക് സപ്ലൈ ഓഫീസർ സുജ ടി.ഡാനിയൽ കടയുടമകളെ സസ്‌പെൻഡ് ചെയ്തു.
കൂനത്തറയിൽ 1266 കിലോ റേഷൻ സാധനങ്ങളുടെ കുറവും കവളപ്പാറയിൽ ഗോതമ്പും ആട്ടപ്പൊടിയുമൊഴിച്ച് മറ്റൊന്നും സ്റ്റോക്കില്ലെന്നും കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കി. ഫോൺ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ട് റേഷൻ കടകളും കവളപ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. കൂനത്തറയിൽ പുഴുക്കലരി 1235 കിലോ, ഗോതമ്പ് 19 കിലോ, പഞ്ചസാര 12 കിലോ എന്നിവയാണ് കുറവുണ്ടായിരുന്നത്. രേഖകളിൽ ഉള്ളതിനേക്കാൾ 94 കിലോ പച്ചരി കുടുതലും കണ്ടെത്തി. കവളപ്പാറയിലെ റേഷൻ കടയിൽ 3000 കിലോ സാധനങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് കണ്ടെത്തിയത്. 60 കിലോ ഗോതമ്പും നാല് ചാക്ക് ആട്ടപ്പൊടിയും മാത്രമാണ് സ്ഥലത്ത് സ്റ്റോക്കുണ്ടായിരുന്നത്.
കവളപ്പാറയിലെ റേഷൻകട സമീപത്തെ 91ാംനമ്പർ റേഷൻകടയുടെ ലൈസൻസിയുടെ കീഴിലും, കൂനത്തറയിലേത് 197ാം നമ്പർ റേഷൻകടയുടെ ലൈസൻസിയുടെയും കീഴിലേക്ക് താത്ക്കാലികമായി മാറ്റി. താലൂക്ക് സപ്ലൈ ഓഫീസർക്ക് പുറമേ റേഷൻ ഇൻസ്‌പെക്ടർമാരായ പ്രമീള, കലാധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.