പാലക്കാട്: വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ കുതിരാനിൽ നിർമ്മിക്കുന്ന തുരങ്കം തുറക്കാൻ ഇനിയും കടമ്പകളേറെ കടക്കണം. കാലവർഷത്തിന് മുമ്പ് തുരങ്കം തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേശീയ പാതയിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്‌കരമാകും.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായാണ് ഇരട്ടക്കുഴൽ തുരങ്കം കുതിരാനിൽ നിർമ്മാണം ആരംഭിച്ചത്. പത്തുമാസത്തോളമായി തുരങ്ക നിർമാണം പൂർണമായി നിലച്ചിരിക്കുകയാണ്. കരാറെടുത്തിരിക്കുന്ന പ്രഗതി കമ്പനിക്ക് പ്രധാന കരാറു കമ്പനി കുടിശിക വരുത്തിയതാണ് നിർമ്മാണം നിലയ്ക്കാൻ കാരണം. വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത കരാറെടുത്തിരിക്കുന്ന കെ.എം.സി കമ്പനി തുരങ്ക നിർമ്മാണത്തിനായി പ്രഗതി കമ്പനിക്കാണ് ഉപകരാർ നല്കിയിരിക്കുന്നത്. 2016 മെയ് രണ്ടാം വാരത്തിൽ പണി ആരംഭിച്ച തുരങ്കത്തിന്റെ നിർമ്മാണം ഒരു വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും പലപല കാരണങ്ങളും തൊഴിലാളി സമരങ്ങളുമായി നീണ്ടു പോവുകയായിരുന്നു. ഇപ്പോൾ നാൽപത് കോടയോളം രൂപയാണ് പ്രഗതി കമ്പനിക്ക് കുടിശിക ഇനത്തിൽ ലഭിക്കാനുള്ളത്.
കുതിരാനിലെ ആദ്യ തുരങ്കത്തിന്റെ പ്രവൃത്തികൾ 90 ശതമാനം പൂർത്തിയായ സാഹചര്യത്തിലാണ് കഴിഞ്ഞ ജൂലായിൽ നിർമ്മാണം നിലച്ചത്. പിന്നീട് പ്രളയത്തിന്റെ ഭാഗമായി തുരങ്കമുഖത്ത് മണ്ണിടിച്ചിൽ കൂടി ആയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കത്തിന്റെ സുരക്ഷ ഇനിയും വർദ്ധിപ്പക്കേണ്ടതുണ്ട്. നിലവിൽ വനംവകുപ്പിന്റെ സ്ഥലത്താണ് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇനി സുരക്ഷാ ഭിത്തിയുൾപ്പെടെ കെട്ടി സംരക്ഷിക്കണമെങ്കിൽ വനം വകുപ്പിന്റെ പ്രത്യേക അനുമതിവേണം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണപ്പോൾ. വനംവകുപ്പ് വിട്ടുകൊടുത്ത സ്ഥലം ഇടിഞ്ഞ് പോയതിനാലാണ് കൂടുതൽ വനഭൂമി ആവശ്യമായി വന്നത്. മഴക്കാലം ആരംഭിച്ചാൽ കുതിരാനിൽ മണ്ണിടിച്ചിലിനുള്ള സാധ്യത കൂടുതലാണ്. മണ്ണിടിഞ്ഞാൽ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിക്കും. മാത്രമല്ല ജീവൻ പണയം വച്ചിട്ട് വേണം ഇത് വഴിയാത്ര ചെയ്യാനും. കഴിഞ്ഞ ആഗസ്റ്റിൽ ഇത്തരത്തിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചിരുന്നു. മഴയ്ക്ക് മുമ്പ് തുരങ്കം തുറന്നാൽ മാത്രമേ ദേശീയപാതയിലൂടെയുള്ള ഗതാഗത കുരുക്കിന് പരിഹാരമാവുകയുള്ളൂ.