* 864 പേർക്ക് മുഴുവൻ എ പ്ലസ്
* 13 പേർക്ക് ഫുൾമാർക്ക്
പാലക്കാട്: പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ നില മെച്ചപ്പെടുത്തി ജില്ല. കഴിഞ്ഞ വർഷം 11ാം സ്ഥാനത്തായിരുന്ന പാലക്കാട് ഇത്തവണ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒമ്പതാമതെത്തി. വിജയ ശതമാനം 80.33. 2013ന് ശേഷം ജില്ലയിലെ ഏറ്റവും ഉയർന്ന വിജയമാണിത്.
151 സ്‌കൂളുകളിലായി ആകെ 29243 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ 23491 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 13 പേർ 1200ൽ 1200ഉം മാർക്കും നേടിയാണ് വിജയിച്ചത്. 864 പേർക്ക് സമ്പൂർണ എ പ്ലസുണ്ട്. മുഴുവൻ മാർക്കും നേടിയവരിൽ ഒമ്പത് പേർ സയൻസ് ഗ്രൂപ്പുകാരും ബാക്കി നാലു പേർ കൊമേഴ്‌സുകാരുമാണ്. കഴിഞ്ഞ വർഷം ജില്ലയിൽ ഫുൾമാർക്ക് ലഭിച്ചത് ആകെ എട്ട് പേർക്കായിരുന്നു. അതേസമയം, ഇത്തവണ സമ്പൂർണ എ പ്ലസുകാരുടെ എണ്ണം താഴോട്ടുപോയി. കഴിഞ്ഞ വർഷം 892 പേർക്ക് സമ്പൂർണ എപ്ലസ് ഉണ്ടായിരുന്നപ്പോൾ ഈ വർഷം അത് 864 ആയി കുറഞ്ഞു. വിജയശതമാനം 30ൽ താഴെയുള്ള മൂന്ന് സ്‌കൂളുകൾ ജില്ലയിലുണ്ട്. എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ എം.ഇ.എസ് കെ.ടി.എം.ഇ.എം.എച്ച്.എസ്.എസ്, പട്ടാമ്പി കള്ളാടിപ്പറ്റ സി.ജി.എം ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്, കൊല്ലേങ്കാട് സെന്റ് പോൾസ് എച്ച്.എസ്.എസ് എന്നിവയാണവ. ഓപൺ സ്‌കൂളിൽ വിജശതമാനം 37.30 ആണ്. ഓപൺ സ്‌കൂളിൽ രജിസ്റ്റർ ചെയ്ത് പരീക്ഷ എഴുതിയ 8027 വിദ്യാർത്ഥികളിൽ 2994 പേർ വിജയിച്ചു. 18 പേർക്ക് സമ്പൂർണ എ പ്ലസുണ്ട്. ഈ വിഭാഗത്തിൽ മുൻ വർഷേത്തക്കാൾ എട്ട് ശതമാനത്തിെന്റ വർദ്ധനയുണ്ടെന്നതും ശ്രദ്ദേയമായി.
100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകൾ
—————————
1.കാണിക്കമാത കോൺവെന്റ് ഇ എം എച്ച് എസ്എസ് പാലക്കാട്
2.ഭാരത്മാത എച്ച് എസ് എസ് പാലക്കാട്
3. ബി എസ് എസ് ഗുരുകുലം ആലത്തൂർ
4. ശ്രവണ സംസാര എച്ച് എസ് എസ് വെസ്റ്റ് യാക്കര
5. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, തൃത്താല
1200ൽ 1200 നേടിയവർ
———————
1.പി ലക്ഷ്മി (ഗവ ജനത എച്ച് എസ് എസ് നടുവട്ടം)
2. പി ഷാബിന അബ്ബാസ് (ഗവ ജനത എച്ച് എസ് എസ് നടുവട്ടം)
3. സി നിർമൽ മനോജ്(ജി എച്ച് എസ് കുമരനെല്ലൂർ)
4. എ ലലു( ഗവബോയ്‌സ് എച്ച് എസ് എസ് നെന്മാറ)
5. എസ് അർഷിയ(ഗവ വിക്ടോറിയ ജി എച്ച് എസ് ചിറ്റൂർ)
6. എ ത്വാഹിറ ഷെറിൻ (ടി ആർ കെ എച്ച് എസ് എസ് വാണിയംകുളം)
7. എ എം ഉമ (എച്ച് എസ് എസ് ശ്രീകൃഷ്ണപുരം)
8. എ കെ നീതു കൃഷ്ണ (എച്ച് എസ് എസ് ശ്രീകൃഷ്ണപുരം)
9. ടി അനിഘ അനിൽകുമാർ (കാണിക്ക മാത പാലക്കാട്)
10. പി ബി അനുപമ കൃഷ്ണ (കാണിക്ക മാത പാലക്കാട്)
11. വി ദീപിക (കാണിക്ക മാത പാലക്കാട്)
12. ബി സ്വരൂപ്( ഭാരത്മാത പാലക്കാട്)
13. കെ ഭൂവന (ബി എസ് എസ് ഗുരുകുലം ആലത്തൂർ)
* വി.എച്ച്.എസ്.ഇ: വിജയം 81.24%
പാലക്കാട്: വി.എച്ച്.എസ്.ഇയിലും ജില്ലയുടെ പ്രകടനം മെച്ചപ്പെട്ടു. പാർട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ ശതമാനം 81.24 ആയി ഉയർന്നു. 2018ൽ ഇത് 76.92 ആയിരുന്നു. അതേസമയം, പാർട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ മുൻ വർഷത്തേക്കാൾ രണ്ട് ശതമാനത്തിെന്റ കുറവുണ്ട്. വിജയശതമാനം 87.11. ഇത്തവണ ജില്ലയിൽ ഒരാൾക്കുപോലും സമ്പൂർണ എപ്ലസ് ഇല്ലാത്തത് പോരായ്മയാണ്. കഴിഞ്ഞ വർഷം ഏഴ് പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസുണ്ടായിരുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ആകെ 1908 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഉപരിപഠനത്തിന് അർഹത നേടിയത് പാർട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിൽ 1662ഉം ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിൽ 1550ഉം പേർ. 50 ശതമാനത്തിൽ താഴെ വിജയമുള്ള നാലു സ്‌കൂളുകൾ കഴിഞ്ഞ വർഷം ജില്ലയിൽ ഉണ്ടായിരുന്നെങ്കിൽ ഇക്കുറി അട്ടപ്പാടി പുതൂർ ഗവ ട്രൈബൽ വി എച്ച് എസ് എസ് ഉൾപ്പെടെ കഴിഞ്ഞ വർഷം മോശം പ്രകടനം കാഴ്ചവെച്ച മലമ്പുഴ, ശ്രീവിദ്യ എരുത്തേമ്പതി, സെന്റ് ഫ്രാൻസിസ് പരശക്കൽ എന്നീ സ്‌കൂളുകളും നിലമെച്ചപ്പെടുത്തി.