മണ്ണാർക്കാട്: പൂരാഘോഷത്തിന്റെ ഭാഗമായി കുന്തിപ്പുഴ ആറാട്ടുകടവിൽ കഞ്ഞിപാർച്ച നടത്തുന്ന സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറിയതായി രേഖകളുണ്ടെന്ന് പൂരാഘോഷ കമ്മിറ്റി. സ്ഥലത്തിന്റെ അവകാശം സംബന്ധിച്ച് 1944 മുതലുള്ള മുഴുവൻ രേഖകളും ക്ഷേത്രം ട്രസ്റ്റിയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുണ്ട്. തർക്കത്തിലുള്ള 2.68 ഏക്കർ സ്ഥലത്തെ 1 ഏക്കർ 68 സെന്റ് മാത്രമാണ് ഒറ്റപ്പാലം സബ് കോടതിയുടെ os.51/1944 ഭാഗ വ്യവഹാര പ്രകാരം കുന്നത്താട്ട് മാടമ്പിൽ സ്വരൂപം തറവാട്ടിലെ കുടുംബാംഗങ്ങൾ തമ്മിൽ ഭാഗിച്ച് എടുത്തതെന്നും കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

1212/1960 നമ്പർ ഭാഗപത്ര പ്രകാരം കുടുംബാംഗമായ ഉണ്ണിഓമന എന്ന കൂട്ടി നേത്യാർക്കാണ് സർവേ നമ്പർ 43/8ബിയിൽ ഉൾപ്പെടുന്ന 1 ഏക്കർ 68 സെന്റ് സ്ഥലം ലഭിച്ചിരിക്കുന്നത്. സ്ഥലത്തിന്റെ ആകെ വിസ്തീർണം 2 ഏക്കർ 68
സെന്റ് ആണെങ്കിലും കുന്തിപ്പുഴയുടെ ഭാഗമായ ഒരേക്കർ മാറ്റിനിർത്തിയാണ് അന്ന് ഭാഗം ചെയ്തത്. സബ്
കോടതിയുടെ ഉത്തരവിൽ ഇത് വ്യക്തമാണ്. പുഴയുടെ ഭാഗം എന്ന നിലയിൽ മാറ്റി നിർത്തിയിരുന്ന ഒരു ഏക്കർ ഉൾപ്പെടെ 43 a ബിയിലെ മുഴുവൻ സ്ഥലവും വ്യാജ ആധാരപ്രകാരം അളവുകൾ തെറ്റായി ചേർത്ത് ബന്ധപ്പെട്ടവർക്ക് അവകാശപ്പെട്ടതായി കൃത്രിമ രേഖകളുണ്ടാക്കിയെന്നാണ് പൂരാഘോഷകമ്മിറ്റി ആരോപിക്കുന്നത്. 1971ലെയും 198ലെയും ആധാരങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകുമെന്നും അവർ പറയുന്നു.

സ്വകാര്യ വ്യക്തികൾക്ക് അവകാശപ്പെട്ട ഒരേക്കർ 60 സെന്റ് സ്ഥലത്തിനും പടിഞ്ഞാറു ഭാഗത്തെ അതിർത്തിയായ കുന്തിപ്പുഴയ്ക്കും ഇടയിലായിരുന്നു 'നരിക്കുണ്ട്' ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. പുഴയുടെ ഭാഗമായതിനാലാണ് ഇത്
ഭാഗം ചെയ്യുന്നതിനോ പിന്നീട് വിൽപ്പന നടത്തുന്നതിനോ സാധിക്കാതിരുന്നത്. പുഴപുറമ്പോക്കായി
മാറ്റിനിർത്തിയ പൊതുസ്ഥലത്തെയാണ് ഇപ്പോൾ ചിലർ കൃത്രിമ രേഖകളുണ്ടാക്കി തങ്ങളുടെതാക്കാൻ നോക്കുന്നത്. മണ്ണാർക്കാട് താലൂക്ക് സർവേയർ അളന്നു തിട്ടപ്പെടുത്തിയ അതിർത്തിയിലാണ് തങ്ങൾ വേലികെട്ടിയിട്ടുള്ളത് എന്നാണ് അവർ നൽകുന്ന ന്യായം. എന്നാൽ, സ്വകാര്യ വ്യക്തികളുടെ യാതൊരു സ്ഥലവും അളന്നു തിരിച്ചു നൽകിയിട്ടില്ലെന്നും സർവേ നമ്പർ 43/8ബിയുടെ അതിർത്തി നിർണയം മാത്രമാണ് നടത്തിയത് എന്നാണ് മണ്ണാർക്കാട് തഹസിൽദാർ നൽകിയ രേഖകൾ സൂചിപ്പിക്കുന്നത്. സ്വകാര്യവ്യക്തകളും പൂരാഘോഷ കമ്മിറ്റിയും തമ്മിലുള്ള നിയമപോരാട്ടം വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.