കൊല്ലങ്കോട്: ഗോവിന്ദാപുരം - തൃശൂർ റൂട്ടിലൂടെ കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവീസിന് ഇന്നലെ തുടക്കമായി. രാവിലെ ആറിന് ഗോവിന്ദാപുരത്ത് നിന്ന് ആദ്യ ചെയിൻ സർവീസ് ഓട്ടം തുടങ്ങി. ദിവസവും രാവിലെ അഞ്ച് മുതൽ വൈകിട്ട് ആറുവരെ ഗോവിന്ദാപുരത്തു നിന്നും തൃശ്ശൂരിലേക്കും രാവിലെ ആറേ നാൽപ്പതു മുതൽ രാത്രി ഒമ്പത് വരെ ഗോവിന്ദാപുരത്തേക്കും ഇരുപത് മിനുട്ടിൽ ഇടവിടാണ് സർവീസ് നടത്തുന്നത്. ചെയിൻ സർവീസിനായി 22 ബസുകൾ ഓടും. ബുധൻ ആദ്യ ദിവസം 2 ബസ് ഓടിത്തുടങ്ങി. ഇന്നുമുതൽ 22 ബസും സർവീസ് നടത്തും. ആവശ്യമായ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിച്ചിട്ടുണ്ട്. ചിറ്റൂർ ഡിപ്പോയിൽ നിന്ന് 14 ഉം വടക്കഞ്ചേരി ഡിപ്പോയിൽ നിന്ന് എട്ടും ബസുകളാണ് ചെയിൻ സർവീസിനായി ഉപയോഗിക്കുക.