suicide
ഭവ്യ

പാലക്കാട്: പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൂറ്റനാട് പിലാക്കാട്ടിരി പൂവക്കൂട്ടത്തിൽ ബാലകൃഷ്ണൻ - വിമല ദമ്പതികളുടെ മകൾ ഭവ്യ (17) ആണ് ഇന്നലെ രാവിലെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

പെരിങ്ങോട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ ഹയർസെക്കൻഡറി ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഭവ്യ ഇംഗ്ലീഷിന് പരാജയപ്പെട്ടിരുന്നു. ഫലമറിഞ്ഞ് വീട്ടിലെത്തിയ ഭവ്യ കിടപ്പുമുറിൽ ചെന്ന് ദേഹത്ത് തീ കൊളുത്തുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ കുട്ടിയുടെ മുത്തശ്ശി മാത്രമാണുണ്ടായിരുന്നത്. അച്ഛൻ ജോലിക്ക് പോയിരുന്നു. അമ്മ അനിയത്തിയോടൊപ്പം എസ്.എസ്.എൽ.സി.പുനർ മൂല്യനിർണയത്തിന് അപേക്ഷനൽകാൻ പോയതായിരുന്നു. ദേഹമാകെ തീ പടർന്നു പൊള്ളലേറ്റ കുട്ടിയെ അയൽവാസികൾ ചേർന്ന് കുന്നംകുളത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വീട്ടിലേക്ക് കൊണ്ടുവരും. സംഭവത്തിൽ ചാലിശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.