ഒറ്റപ്പാലം: വള്ളത്തോൾ നഗറിനെ ഷൊർണൂരിന്റെ ഉപഗ്രഹ സ്റ്റേഷനാക്കുള്ള പദ്ധതിക്ക് ഗ്രീൻ സിഗ്നൽ ലഭിക്കാത്തത് തമിഴ്‌നാടിന്റെ വിലപേശലിനെ ഭയന്ന്. നിലവിൽ തിരുവനന്തപുരം ഡിവിഷണിലാണ് വള്ളത്തോൾ നഗർ സ്റ്റേഷനുള്ളത്, നാല് കിലോമീറ്റർ വരുന്ന ഈ റെയിൽവേ മേഖല പാലക്കാട് ഡിവിഷനിലേക്ക് കൂട്ടിച്ചേർത്താലേ ഉപഗ്രഹ സ്റ്റേഷൻ യാഥാർത്ഥ്യമാവു. ഇതുസംബന്ധിച്ച് സാങ്കേതിക സർവേ അടക്കം പദ്ധതിയുടെ സമഗ്ര രൂപരേഖ ദക്ഷിണ റെയിൽവേയുടെ ചെന്നൈ ആസ്ഥാനത്ത് ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
ഒരു വർഷം മുമ്പ് നടപടികൾ ആരംഭിച്ച പദ്ധതിക്ക് ഡിവിഷൻ പ്രശ്‌നം പരിഹരിക്കുകയാണ് ആദ്യകടമ്പ. എന്നാൽ, തിരുവനന്തപുരം ഡിവിഷന്റെ കുറച്ചുഭാഗം പാലക്കാട് ഡിവിഷനിലേക്ക് കൂട്ടിച്ചേർത്താൽ തമിഴ്‌നാട് ലോബി ഈ അവസരം മുതലെടുക്കുമെന്ന ആശങ്കയാണ് കേരളത്തിലെ ഉദ്യോഗസ്ഥർക്കുള്ളത്. തിരുവനന്തപുരം ഡിവിഷണിൽ തമിഴ്‌നാടിന്റെ ചിലഭാഗങ്ങൾ നിലവിലുണ്ട്. ഈ മേഖല തിരുനെൽവേലി ഡിവിഷണിൽ കൂട്ടിച്ചേർക്കണമെന്ന ആവശ്യവുമായി തമിഴ്‌നാടും രംഗത്തിറങ്ങും. പാലക്കാട്, തിരുവനന്തപുരം ഡിവിഷൻ പ്രദേശങ്ങളിൽ നിന്ന് തമിഴ്‌നാട് മേഖലകൾ വെട്ടിമാറ്റിയാണ് സേലം, തിരുനെൽവേലി ഡിവിഷണുകൾ രൂപീകരിക്കപ്പെട്ടത്. ഇത് കേരളവും, തമിഴ്‌നാടും തമ്മിലുടക്കാൻ കാരണമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേരളത്തിനകത്തെ ഡിവിഷൻ മാറ്റംപോലും തമിഴ്‌നാടിനെ പേടിച്ച് റെയിൽവെ തൊടാൻ മടിക്കുന്നത്.
ഡിവിഷൻ സംബസിച്ച സാങ്കേതിക പ്രശ്‌നം പരിഹരിച്ചാൽ മാത്രമേ, ഉപഗ്രഹ സ്റ്റേഷനാക്കി വള്ളത്തോൾ നഗറിനെ മാറ്റിയെടുക്കാനാവൂ. നാല് ട്രാക്കുകളും അടിസ്ഥാന വികസനത്തിനാവശ്യമായ സ്ഥലസൗകര്യങ്ങളും ഇവിടെയുണ്ട്. നാല് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഇവിടെ നിറുത്താറ്. ഷൊർണൂർ സ്പർശിക്കാതെ കടന്ന് പോകുന്ന 40 തോളം ദീർഘദൂര എക്‌സ്പ്രസ് ട്രെയിനുകൾക്ക് വള്ളത്തോൾ നഗറിൽ സ്റ്റോപ്പ് അനുവദിക്കാനാണ് റെയിൽവേ ഉപഗ്രഹ സ്റ്റേഷൻ പദ്ധതി ആവിഷ്‌ക്കരിച്ചത്. മലബാറിന്റെ റെയിൽവേ കവാടം എന്ന നിലയിൽ കാസർകോഡ് മുതലുള്ള ആയിരകണക്കിന് യാത്രക്കാർക്ക് ഈ പദ്ധതി പ്രയോജനപ്പെടും. റെയിൽവേ രംഗത്ത് ഷൊർണൂരിന്റ പ്രതാപം നിലനിർത്താനും ഇത് സഹായിക്കും.