പാലക്കാട്: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ പൊളിച്ച നടപ്പാത ഒരുമാസമായിട്ടും നന്നാക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നഗരത്തിലെ തിരക്കേറിയ ജി.ബി റോഡിലാണ് ഈ യാത്രാ ദുരിതം.

പൊട്ടികിടക്കുന്ന സ്ലാമ്പുകളിൽ നിന്ന് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് അപകടഭീഷണി ഉയർത്തുന്നു. ഇതോടെ ഇതുവഴി കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. പൊട്ടിപ്പൊളിഞ്ഞ ഭാഗം എത്തുമ്പോൾ യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. തിരക്കുള്ള പകൽ സമയങ്ങളിൽ ഇത് അപകടങ്ങൾക്ക് കാരണമാകും. കൂടാതെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ആളുകൾ കയറാത്ത അവസ്ഥയാണ് ഉള്ളതെന്ന് കച്ചവർക്കാരും പറയുന്നു. നഗരത്തിലെ നടപ്പാതകളിൽ പലതും സഞ്ചാരയോഗ്യമല്ല. സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിൽ പലകകൾ വച്ചാണ് അടച്ചിരിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലെ നടപ്പാതകൾ നവീകരിക്കുമെന്ന് അധികൃതർ പറയുകയല്ലാതെ ഇതുവരെയായും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

വയോജനങ്ങളും കുട്ടികളും ഉൾപ്പെടെ ദിവസവും ആയിരങ്ങൾ നടക്കുന്ന ഈ പാതയിൽ പൊളിഞ്ഞു കിടക്കുന്ന ഭാഗങ്ങളിൽ ഒരു മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പൊളിച്ചത് വാട്ടർ അതോറിറ്റിയായതുകൊണ്ട് ശരിയാക്കേണ്ടതും അവരാണെന്നാണ് നഗരസഭയുടെ നിലപാട്.