പാലക്കാട്: ജില്ലയിലെ നെൽകൃഷി വിപുലീകരണത്തിന് ശാസ്ത്രീയ സംവിധാനങ്ങൾ ആവശ്യമാണെന്ന് പുതുപരിയാരം തൊഴിൽസേന സെക്രട്ടറി എം.എസ് വിനുനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു
എന്നാൽ ശാസ്ത്രീയ സംവിധാനങ്ങൾ അനുവദിക്കാൻ സർക്കാർ സഹായ കേന്ദ്രങ്ങൾ തയ്യാറാവുന്നില്ലെന്നും വിനുനാഥ് വ്യക്തമാക്കി.
2012ലാണ് 32 പേരടങ്ങുന്ന പുതുപരിയാരം തൊഴിൽ സേന രൂപീകരിക്കുന്നത്.നിലവിൽ യന്ത്ര നടീൽ മാത്രം നടത്തുന്ന തൊഴിൽസേന പുതുപരിയാരം, കോങ്ങാട്, മലമ്പുഴ, അകത്തേത്തറ, ലക്കിടി പേരൂർ, മണ്ണൂർ, പറളി, മുണ്ടൂർ, കേരളശേരി, മങ്കര തുടങ്ങിയ പഞ്ചായത്തുകളിൽ പ്രവർത്തി ഏറ്റെടുത്ത് നടത്തി വരുന്നുണ്ട്. ട്രാക്ടർ, കീട നിയന്ത്രണ യന്ത്രങ്ങൾ തുടങ്ങിയ യന്ത്രങ്ങൾ ലഭ്യമാക്കിയാൽ നിലമൊരുക്കുന്നതു മുതൽ നെല്ല് വിൽപ്പന നടത്തുന്നതു വരെയുള്ള പ്രവൃത്തികൾ ഏറ്റെടുത്ത് നടത്താനാവും. ആവശ്യമായ പരിശീലനം നൽകി തൊഴിൽസേന വിപുലപ്പെടുത്തിയാൽ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും തൊഴിൽ സേനയെ രംഗത്തിറക്കാൻ സാധിക്കുമെന്നും വിനുനാഥ് ചൂണ്ടിക്കാട്ടി.
പ്രതിഷ്ഠാ ദിന മഹോത്സവം
പാലക്കാട്: പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവം ഭക്തി പൂർവം ആഘോഷിച്ചു. പുലർച്ചേ സ്വാപാന സംഗീതത്തോടെയാണ് പ്രതിഷ്ഠാദിന മഹോൽസവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് കളഭാഭിഷേകവും നടന്നു. ഉച്ചക്ക് രണ്ടായിരം പേരോളം പങ്കെടുത്ത അന്ന ദാനവും നടന്നു. വൈകുന്നേരം ഏഴുമണിക്കു നടന്ന സ്വാമി എഴുന്നള്ളത്ത് വൻ ഭക്തജന സാന്നിധ്യത്തിലാണ് നടന്നത്. നെററിപ്പട്ടം കെട്ടിയ ആന, പഞ്ചവാദ്യ, ചെണ്ടവാദ്യം, തുടങ്ങിയവയുടെ അകമ്പടിയോടെയാണ് സ്വാമി എഴുന്നെള്ളത്ത് നടന്നത്. കൂടാതെ കാഴ്ചശീവേലി, പുഷ്പാഭിഷേകം, കുടമാറ്റം എന്നിവയും നടന്നു.