പാലക്കാട്: ജില്ലാ പൊലീസ് ഓഫീസിലെ ജീവനക്കാരൻ മദ്യലഹരിയിൽ ഓടിച്ച കാർ ബൈക്കിനു പിന്നിലിടിച്ച്‌ റിട്ട. അദ്ധ്യാപിക മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവിന് പരിക്കേറ്റു. മോയൻസ് എൽ.പി സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ശേഖരീപുരം ശാസ്താറോഡ് ചൈതന്യയിൽ അംബിക(57) ആണ് മരിച്ചത്. ഭർത്താവ് വിക്ടോറിയ കോളജിലെ റിട്ട. പ്രൊഫ ഗോപി (67)നാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് നാലരയോടെ മലമ്പുഴ നൂറടിറോഡും കൽമണ്ഡപം ബൈപാസുംചേരുന്ന ജംഗ്ഷനിലാണ് അപകടം. പതിയെ പോവുകയായിരുന്ന ബൈക്കിനു പിന്നിൽ അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ചു വീണ അംബികയെയും ഗോപിയെയും ഉടനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് അംബിക മരിച്ചത്.
ജില്ലാ പൊലീസ്‌ മേധാവിയുടെ ഓഫീസിലെ മാനേജർ ചിറ്റൂർ കല്ലേരിമേട് സ്വദേശി ആർ.മുരളിയാണ് കാർ ഓടിച്ചിരുന്നത്. കാറിൽ മദ്യകുപ്പികൾ ഉണ്ടായിരുന്നതായി സംഭവസ്ഥലത്ത് ഓടിക്കൂടിയവർ പറഞ്ഞു.
സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത മുരളി മദ്യലഹരിയിലായിരുന്നതായി പൊലീസും വ്യക്തമാക്കി. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അംബികയുടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ശരണ്യ, ശ്യാമിലി. ടൗൺനോർത്ത്‌ പൊലീസ്‌ കേസെടുത്തു.