അട്ടപ്പാടി: അട്ടപ്പാടി മേഖലയിൽ കറങ്ങിനടക്കുന്ന കാട്ടാനയെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുകയോ മയക്കുവെടിവച്ച് പിടികൂടുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവദേനം നൽകാൻ തീരുമാനം. ഇന്നലെ ഷോളയൂർ ഫോറസ്റ്റ് ഓഫീസിൽ എൻ.ഷംസുദീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
മണ്ണാർക്കാട് ആർആർടിയുടെ സേവനം കുറച്ചുദിവസം തുടരാനും, അട്ടപ്പാടിക്കുവേണ്ടി മാത്രം ഒരു ആർആർടി രൂപീകരിക്കാനും തീരുമാനിച്ചു. ആനകളുടെ നീക്കം മനസിലാക്കാൻ കോളർ ഐഡി ഏർപ്പെടുത്താനും തീരുമാനിച്ചു.
ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചിരുന്നു. ഷോളയൂർ ചന്തക്കടയിൽ പോലിസ് സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന രംഗസ്വാമി (60)യും,
ആനക്കട്ടിക്ക് സമീപം കൊണ്ടന്നൂർ പുതൂർ ഊരിലെ പരേതനായ നഞ്ചന്റെ ഭാര്യ പൊന്നമ്മാളു ( 79) മാണ് മരിച്ചത് . കന്നുകാലികളെ കൃഷിയിടത്തിൽ കെട്ടി തിരികെ വീട്ടിലേക്ക് പോകുമ്പോഴാണ് പൊന്നമ്മാളുവിനെ കാട്ടാന ആക്രമിച്ചത്. കാട്ടാനശല്യത്തിന് നടപടിയാവശ്യപ്പെട്ട് നാട്ടുകാർ ഷോളയൂർ റോഡ് ഉപരോധിച്ചു. ഇതേതുടർന്നാണ് ഇന്നലെ ചർച്ച നടന്നത്.
സബ് കളക്ടർ ജെറോമിക് ജോർജ് ,അഗളി,ഷോളയൂർ,പുതൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ ഈശ്വരി രേശൻ, രത്‌ന രാമമൂർത്തി, ജ്യോതി അനിൽകുമാർ,ശ്രീലക്ഷ്മി ശ്രീകുമാർ, അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ബാബു, ഡിഎഫ്ഒ സുനിൽ കുമാർ ,ജില്ലാ പാഞ്ചായത്ത് മെമ്പർ രാധകൃഷ്ണൻ ,മെമ്പർ സനോജ് ,രവി ,ജാക്കിർ ,പി.സി.ബേബി ,എം.ആർ.സത്യൻ ,മണികണ്ഠൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.