ശ്രീകൃഷ്ണപുരം: മഴക്കാലപൂർവ ശുചീകരണങ്ങൾക്ക് മാലിന്യമുക്ത പരിസരം കർമ്മപദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത്. തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയോടൊപ്പം മറ്റുസ്ഥാപനങ്ങളും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്.
ഇന്നും നാളെയുമായി ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.ബ്ലോക്കിലെ എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ പരിസരം, ജലശുദ്ധി പരിശോധന, രക്ഷിതാക്കൾക്ക്‌ബോധവത്കരണം, പാചക തൊഴിലാളികൾക്ക് വൈദ്യപരിശോധന, ഹൽത്ത് കാർഡ് വിതരണം, ക്ഷീരവികസന വകുപ്പിന്റെനേതൃത്വത്തിൽ ജൂൺ 30ന് മുമ്പായി 27 കർഷക സമ്പർക്ക പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആറ് പഞ്ചായത്തുകളിലായി 30കോളനികളിൽ ആരോഗ്യ ക്ലാസുകൾ, ആയുർവ്വേദഹോമിയോ ഡിസ്‌പെൻസറികളുടെനേതൃത്വത്തിൽ സംയുക്ത ക്യാമ്പുകൾ, ഔഷധവണ്ടി, അപരാജിത ചൂർണ്ണ വിതരണം എന്നിവ സംഘടിപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബ്ലോക്കിലെ 92 വാർഡ് കേന്ദ്രങ്ങളിൽ ആരോഗ്യ ക്ലാസുകൾ നടത്തും.
പഞ്ചായത്ത് വാർഡ് കേന്ദ്രങ്ങളിൽ കുട്ടികൾക്കായുള്ള പെൻസിൽ ക്യാമ്പുകൾ, വ്യാപാരിസഭ, ഇതര സംസ്ഥാന തൊഴിലാളികൾക്കായുള്ള ക്യാമ്പുകൾ, ശുചിത്വ ഹർത്താൽ, കിണറുകളിലെ ജല ശുദ്ധീകരണം, തുടങ്ങി പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്.
കർമ്മപദ്ധതിക്ക് അംഗീകാരം നൽകുന്നത്തിനുള്ള ശില്പശാല ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ.ശാന്തകുമാരി അദ്ധ്യക്ഷയായി. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി, പി.മോഹനൻ, കെ.പ്രീത, കെ.വിനോദ് കുമാർ, ടി.എസ്.സുബ്രഹ്മണ്യൻ, ടി.പി.രാഘവൻ എന്നിവർ സംസാരിച്ചു.