ആലുവ: ഒന്നര വയസിൽ ആലുവ ജനസേവ ശിശുഭവനിലെ നന്ദിനിമോൾ സുമംഗലിയാകുന്നു. പാലക്കാട് പെരുങ്ങോട് പരേതരായ രാമകൃഷ്ണൻ നായരുടെയും മാലതിയമ്മയുടെയും മകൻ കെ. സജീവാണ് നന്ദിനിയെ ജീവിതസഖിയാക്കുന്നത്.
19ന് പെരുങ്ങോട് മുല്ലംപറമ്പത്ത് കാവ് ക്ഷേത്രത്തിലാണ് വിവാഹം. ജനസേവ ശിശുഭവൻ ചെയർപേഴ്‌സൺ കവിയൂർ പൊന്നമ്മയുടെ വസതിയിൽ ജനസേവ സ്ഥാപകനും മുൻചെയർമാനുമായ ജോസ് മാവേലിയുടെയും മറ്റും സാന്നിദ്ധ്യത്തിൽ സജീവ് നന്ദിനിയെ മോതിരമണിയിച്ച് വിവാഹസമ്മതം നടത്തി.
പിതാവ് ഉപേക്ഷിച്ചതിനെത്തുടർന്ന് അനാഥരായപ്പോൾ 2001ലാണ് നന്ദിനിയും ജ്യേഷ്ഠസഹോദരി ദുർഗയും ജനസേവയിലെത്തിയത്. അന്ന് ഒന്നരവയസുകാരിയായിരുന്ന നന്ദിനി മറ്റു കുട്ടികളോടൊപ്പം ജനസേവയിലെ അമ്മമാരുടെ കണ്ണിലുണ്ണിയായി വളർന്നു. ജനസേവയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദിനി ടൈലറിംഗ് എംബ്രോയിഡറി കോഴ്‌സും പാസായി. കഴിഞ്ഞ നാലുവർഷമായി മലേഷ്യയിൽ സൂപ്പർമാർക്കറ്റിൽ ജീവനക്കാരനാണ് വരനായ സജീവ്.
1998ൽ ആരംഭിച്ച ജനസേവയിൽ ഇതിനകം പത്ത് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയച്ചു. ഒരു വർഷമായി ജനസേവയുടെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണത്തിനായി പണമൊന്നും ചെലവഴിച്ചിട്ടില്ല. കടബാദ്ധ്യതയിൽ നട്ടം തിരിയുന്ന ജനസേവ നീതിലഭിക്കുന്നതിനായി കോടതിയിൽ നിയമപോരാട്ടം നടത്തുന്നതിനിടെയാണ് നന്ദിനിയെ കുടുംബജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നത്.